മേളയിൽ സെമിനാറുകൾ മാത്രം
തൊടുപുഴ: ഗാന്ധിജി സ്റ്റഡി സെന്ററിന്റെ നേതൃത്വത്തിലുള്ള കാർഷിക മേള ജനുവരി നാല് മുതൽ ഏഴു വരെ ന്യൂമാൻ കോളേജ് ആഡിറ്റോറിയത്തിൽ നടക്കുമെന്ന് സ്റ്റഡിസെന്റർ ചെയർമാൻ പി.ജെ. ജോസഫ് എം.എൽ.എ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കൊവിഡ് പശ്ചാത്തലത്തിൽ സെമിനാറുകൾ മാത്രമാണ് നടത്തുന്നത്. വിളപ്രദർശനം, കലാപരിപാടികൾ എന്നിവ ഒഴിവാക്കിയിട്ടുണ്ട്. പശ്ചിമഘട്ടത്തിലെയും പ്രത്യേകിച്ച് കേരളത്തിലെയും ജൈവവൈവിദ്ധ്യം എന്നതാണ് മുഖ്യവിഷയം. നാലിനു രാവിലെ പത്തിന് ബയോഡൈവേഴ്സിറ്റി ബോർഡ് മുൻചെയർമാൻ ഡോ. ഉമ്മൻ വി. ഉമ്മൻ ഉദ്ഘാടനം ചെയ്യും. പി.ജെ. ജോസഫ് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. അഡ്വ. ഡീൻ കുര്യാക്കോസ് എം.പി മുഖ്യപ്രഭാഷണവും കോതമംഗലം ബിഷപ്പ് മാർ ജോർജ് മഠത്തിക്കണ്ടം അനുഗ്രഹ പ്രഭാഷണവും നടത്തും. കേരള കാർഷിക സർവ്വകലാശാല മുൻ വൈസ് ചാൻസലർ ഡോ. കെ.വി. പീറ്റർ, ജില്ലാ കളക്ടർ എച്ച്. ദിനേശൻ എന്നിവർ പങ്കെടുക്കും. ഉച്ചകഴിഞ്ഞ് രണ്ടരയ്ക്ക് പശ്ചിമഘട്ടത്തിലെയും പ്രത്യേകിച്ച് കേരളത്തിലെയും ജൈവവൈവിദ്ധ്യം എന്ന വിഷയത്തിലുള്ള സെമിനാറിൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫോറസ്റ്റ് ജെനിറ്റിക്സ് ആന്റ് ട്രീ ബ്രീഡിംഗ് സെന്റർ ഡയറക്ടർ ഡോ. സി. കുഞ്ഞിക്കണ്ണൻ, പാലോട് ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ സീനിയർ സയന്റിസ്റ്റ് ഡോ. മാത്യു ഡാൻ, വാഗമൺ സി.എം.ആർ.എ ഡയറക്ടർ ഡോ. സ്റ്റീഫൻ ചേരിയിൽ, ഡോ. കെ.വി. രമേഷ് കുമാർ, ഡോ. ജിജി കെ. ജോസഫ് എന്നിവർ പങ്കെടുക്കും.
അഞ്ചിന് ഉച്ചകഴിഞ്ഞ് രണ്ടരയ്ക്ക് കാഡ്സ് ആഡിറ്റോറിയത്തിൽ തെങ്ങും ഇടവിളകളും എന്ന വിഷയത്തിൽ സെമിനാർ അഡിഷണൽ ചീഫ് സെക്രട്ടറി ടി.കെ. ജോസ് ഉദ്ഘാടനം ചെയ്യും. എം.ജി സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. സിറിയക് തോമസ് അദ്ധ്യക്ഷത വഹിക്കും. ആറിന് ഉച്ചകഴിഞ്ഞ് രണ്ടരയ്ക്ക് ജില്ലയിലെ ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളുടെ സംഗമവും കാർഷിക വികസനത്തിൽ ജനപ്രതിനിധികൾക്കുള്ള പങ്ക് എന്ന സെമിനാറും നടക്കും. ഡോ. പി.സി. സിറിയക് മുഖ്യ പ്രഭാഷണം നടത്തും. ഏഴിന് രാവിലെ എട്ടു മുതൽ കാലിപ്രദർശനം കോലാനി വെങ്ങല്ലൂർ ബൈപാസിനു സമീപം നടക്കും. മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ. രാജു ഉദ്ഘാടനം ചെയ്യും. നല്ല നാടൻ പശുവിന് ഒരു ലക്ഷം രൂപയുടെ അവാർഡ് സമ്മാനിക്കും.