തൊടുപുഴ: വാഗമണ്ണിലെ പോലെ ഹരിത ഇടനാഴികളും ഹരിതകർമ്മ സേനാ ചെക്പോസ്റ്റുകളും ഗ്രീൻ ഷോപ്പുകളുമുള്ള ഹരിത ടൂറിസം പദ്ധതി മൂന്നാറിലും നടപ്പാക്കുന്നു. ഹരിതകേരളം മിഷൻ വിഭാവനം ചെയ്തിട്ടുള്ള പദ്ധതി നടപ്പാക്കാൻ കഴിഞ്ഞ ദിവസം ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയിൽ ചേർന്ന വഴികാട്ടാൻ വാഗമൺ പദ്ധതിയുടെ ജില്ലാതല മേൽനോട്ട സമിതി യോഗത്തിൽ തീരുമാനമായി. മൂന്നാറിലേയ്ക്കുള്ള പ്രധാന പാതകളുൾപ്പെടുന്ന പള്ളിവാസൽ, ചിന്നക്കനാൽ, ദേവികുളം, മറയൂർ, മാങ്കുളം, വട്ടവട തുടങ്ങിയ പഞ്ചായത്തുകളുമൊക്കെ യോജിച്ചാകും ഹരിത ടൂറിസം പദ്ധതി നടപ്പാക്കുക. പ്രധാന പാതകളിൽ എവിടെയൊക്കെയാണ് ഹരിത ചെക്പോസ്റ്റുകളും മറ്റും സ്ഥാപിക്കുക തുടങ്ങിയ ഒട്ടേറെ സംഗതികൾ പദ്ധതിയുടെ ഭാഗമായി പ്ലാൻ ചെയ്യേണ്ടതുണ്ട്. ഒപ്പം ഈ പഞ്ചായത്തുകളിലെല്ലാം ഹരിതകർമ്മസേനകളെ കൂടുതൽ സജീവമാക്കണം. വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും അജൈവ പാഴ് വസ്തുക്കൾ മുടക്കമില്ലാതെ ശേഖരിക്കുകയും വേണം. ഈ പഞ്ചായത്തുകളിലെ വീടുകളിലെല്ലാം ഉറവിട മാലിന്യ സംസ്‌കരണ സംവിധാനങ്ങൾ സജ്ജമാക്കുകയും സാധ്യമാകുന്ന ടൗൺ ഷിപ്പുകളിൽ പൊതു ജൈവമാലിന്യ സംസ്‌കരണ സംവിധാനങ്ങളും ഒരുക്കിയാൽ മാത്രമേ പാഴ് വസ്തുക്കൾ അലക്ഷ്യമായി പൊതുനിരത്തിൽ വലിച്ചെറിയുന്നതും പുഴയിലിടുന്നതുമൊക്കെ തടയാനാകൂ. കണ്ണൻ ദേവൻ കമ്പനിയ്ക്കും മൂന്നാറിൽ ഹരിത ടൂറിസം പദ്ധതി നടപ്പാക്കുന്നതിൽ പ്രത്യേക താത്പര്യമുണ്ട്. കമ്പനി പ്രതിനിധികൾ നേരത്തെ ഹരിത കേരളം മിഷൻ എക്സിക്യൂട്ടീവ് ചെയർപേഴ്സൺ ഡോ. ടി.എൻ. സീമ തുടങ്ങിയവരുമായി ഇതു സംബന്ധിച്ച് ചർച്ച നടത്തിയിരുന്നു. ഇതേക്കുറിച്ച് ചർച്ച ചെയ്യുന്നതിന് ജനുവരി ആദ്യം ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയിൽ യോഗം ചേരും. വനം, വൈൽഡ് ലൈഫ്, ദേശീയ പാതാ അതോറിട്ടി, പൊതുമരാമത്ത് വകുപ്പ്, പൊലീസ്, കെ.എച്ച്.ഡി.പി കമ്പനി തുടങ്ങിയവയുടെ പ്രതിനിധികളും ആലോചനാ യോഗത്തിൽ പങ്കെടുക്കും.
പഞ്ചായത്ത് നേതൃത്വം നൽകും
മൂന്നാർ പഞ്ചായത്തിന്റെ നേതൃത്വത്തിലാകും പദ്ധതി നടപ്പാക്കുക. ബ്ലോക്ക് ജില്ലാ പഞ്ചായത്ത് കോ-ഓർഡിനേഷനുമുണ്ടാകും. ഒപ്പം ഹരിതകേരളം, ശുചിത്വ മിഷൻ, മലിനീകരണ നിയന്ത്രണ ബോർഡ്, കുടുംബശ്രീ, തൊഴിലുറപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ് തുടങ്ങിയ വകുപ്പുകളുടെ ആസൂത്രണവും മേൽനോട്ടവും ഉണ്ടാകും. യു.എൻ.ഡി.പിയുടെ പിന്തുണയും പദ്ധതിയ്ക്കുണ്ടാകും.
ബോധവത്കരണം ആവശ്യം
പദ്ധതിയ്ക്ക് മുന്നോടിയായി വിപുലമായ ശിൽപ്പശാല, ബോധവത്കരണമുൾപ്പടെയുള്ള വിവിധ പദ്ധതി പ്രവർത്തനങ്ങളും നടപ്പാക്കേണ്ടതുണ്ട്. കോവിഡ് കാലത്ത് ഇത് എങ്ങനെ വിജയകരമായി പൂർത്തിയാക്കാനാവുമെന്നാണ് ജില്ലാ ഭരണ കൂടത്തിന്റെ ആലോചന. ഇക്കാര്യങ്ങളെല്ലാം ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയിൽ കൂടുന്ന യോഗം ചർച്ച ചെയ്യും. തുടർന്ന് പദ്ധതി നടത്തിപ്പിന്റെ ആദ്യ പടിയെന്ന നിലയിൽ ജില്ലാതല ആസൂത്രണ നിർവഹണ മേൽനോട്ട സമിതിയും രൂപീകരിക്കും.