 
മൂന്നാർ: ഒരു വർഷത്തിനകം സെപ്‌ടേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് (എസ്. ടി.പി) സ്ഥാപിക്കണമെന്ന ഹൈക്കോടതി ഉത്തരവിനെ തുടർന്ന് നല്ലതണ്ണി കല്ലാറിൽ 18 വർഷമായി കൂട്ടിയിട്ടിരിക്കുന്ന മാലിന്യങ്ങൾ നീക്കാൻ നടപടിയായി. ആറ് മാസത്തിനകം മുഴുവൻ മാലിന്യങ്ങളും നീക്കണമെന്നും തുടർന്ന് ആറ് മാസത്തിനകം എസ്.ടി.പി സ്ഥാപിക്കണമെന്നുമാണ് ഒക്ടോബറിൽ ഹൈക്കോടതി ഉത്തരവിട്ടത്. അഭിഭാഷകനായ ആർ. സുധയുടെ പൊതുതാത്പര്യ ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. നല്ലതണ്ണിയാറിന്റെ തീരത്തെ മാലിന്യ കൂമ്പാരം ഗുരുതരമായ പരിസ്ഥിതി പ്രശ്നം സൃഷ്ടിക്കുവെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ്, ഒന്നര ഏക്കർ സ്ഥലത്ത് 18 വർഷമായി കൂട്ടിയിട്ടിരിക്കുന്ന മാലിന്യങ്ങൾ പൂർണമായും ആറ് മാസത്തിനകം നീക്കണമെന്നും തുടർന്ന് ആറ് മാസത്തിനകം എസ്.ടി.പി സ്ഥാപിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചത്. ഇതിനായി കോടികൾ മൂന്നാർ പഞ്ചായത്ത് വകയിരുത്തി. എസ്.ടി.പി സ്ഥാപിക്കാൻ രണ്ടര ഏക്കർ സ്ഥലം 2011ൽ കണ്ടെത്തിയിരുന്നു. മാലിന്യങ്ങൾ നീക്കാൻ കരാറും നൽകി കഴിഞ്ഞു. കുപ്പിചില്ലുകൾ പ്ലാസ്റ്റിക്കുകൾ എന്നിവ തരംതിരിച്ച് സിമന്റ് ഫാക്ടറിയിലേക്ക് കൊണ്ട് പോകുമെന്നാണ് പറയുന്നത്. മണ്ണ് വളമായി നൽകുമെന്നും കരാറുകാർ പറയുന്നു. മുമ്പ് മാലിന്യങ്ങൾക്ക് മുകളിൽ മണ്ണിടുകയും അവിടെ ചെടി നടുകയും ചെയ്ത സംഭവം ഇതേ സ്ഥലത്തുണ്ട്. അതേസമയം, മൂന്നാറിലെ പരിസ്ഥിതി പ്രവർത്തകരെ കൂടി ഉൾപ്പെടുത്തി നിരീക്ഷണ സമിതി രൂപികരിക്കുകയും എസ്.ടി.പി സ്ഥാപിക്കുന്നത് വരെയുള്ള പ്രവർത്തനങ്ങൾ പരിസ്ഥിതി സൗഹാർദമാണെന്ന് ഉറപ്പാക്കുകയും വേണമെന്ന് സഹ്യ സെക്രട്ടറി എം.ജെ. ബാബു പറഞ്ഞു.