രാജകുമാരി: കൊച്ചി- ധനുഷ്‌കോടി ദേശീയപാതയിൽ പൂപ്പാറയ്ക്ക് സമീപം നാലംഗ സംഘം സഞ്ചരിച്ചിരുന്ന കാർ കാട്ടാന അടിച്ചുതകർത്തു. ആക്രമണത്തിൽ നിന്ന് യുവാക്കൾ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. കഴിഞ്ഞ രാത്രി ആനയിറങ്കലിൽ പോയി മടങ്ങിയ യുവാക്കൾ സഞ്ചരിച്ച കാറാണ് കാട്ടാന അക്രമിച്ചത്. സമീപത്ത് നിന്നിരുന്ന മരം മറിച്ചിട്ട് കാട്ടാന കാറിനുനേരെ അടുക്കുകയായിരുന്നു. കാറിൽ നിന്ന് ഇറങ്ങിയോടിയ യുവാക്കൾ സെക്കൻഡുകളുടെ വ്യത്യാസത്തിലാണ് രക്ഷപെട്ടത്. ഓടുന്നതിനിടെ വീണ് യുവാക്കൾക്ക് പരിക്കേറ്റു. എസ്റ്റേറ്റ് പൂപ്പാറ സ്വദേശികളായ ബോബറ്റോ, ഗോഡ്സൺ, അനുപ് കുര്യൻ, ബിറ്റോ ബെന്നി എന്നിവരാണ് കാറിലുണ്ടായിരുന്നത്. ജീവൻ തിരിച്ചുകിട്ടിയെങ്കിലും അപ്രതീക്ഷിതമായുണ്ടായ ആക്രമണത്തിന്റെ ഞെട്ടലിലാണ് യുവാക്കൾ. മുമ്പ് ഈ മേഖലയിൽ എസ്റ്റേറ്റ് വാച്ചറടക്കം നിരവധിപേർ കാട്ടാന അക്രമണത്തിൽ മരണപ്പെട്ടിട്ടുണ്ട്. വൈകുന്നേരമായാൽ ഇതുവഴി വാഹന യാത്ര ദുഷ്‌കരമായിരിക്കുകയാണ്.