വണ്ണപ്പുറം: സിവിൽ എക്‌സൈസ് ഓഫീസറെയും ബന്ധുവിനെയും സംഘം ചേർന്ന് മർദിച്ച സംഭവത്തിലെ പ്രതികളെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് പൊലീസ് സ്റ്റേഷനിൽ ബന്ധുക്കളുടെ പ്രതിഷേധം. പൈനാവ് സ്‌പെഷ്യൽ സ്‌ക്വാഡിലെ ടി.എസ്. സുനിലിനും (28) ബന്ധുവിനുമാണ് കഴിഞ്ഞ ദിവസം വെൺമണി ബ്ലാത്തിക്കവലയിൽ മർദനമേറ്റത്. സംഭവത്തിനു ശേഷം ഒളിവിൽ പോയ പ്രതികളെ കണ്ടെത്താനായി സൈബർ സെല്ലിന്റെ സഹായത്തോടെ വിവിധ സ്ഥലങ്ങളിൽ പരിശോധന തുടരുകയാണെന്ന് കാളിയാർ സി.ഐ പങ്കജാക്ഷൻ പറഞ്ഞു. ആക്രമണത്തിൽ സാരമായി പരിക്കേറ്റ സുനിൽ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ക്രിസ്മസ്- ന്യൂ ഇയർ പ്രമാണിച്ച് ജില്ലയിലെ വ്യാജമദ്യ നിർമാണം തടയുക എന്ന ലക്ഷ്യത്തോടെ എക്‌സൈസ് സ്‌പെഷ്യൽ ഡ്രൈവ് സംഘടിപ്പിച്ചിരുന്നു. ഇതിന്റെ ഭാഗമായി വണ്ണപ്പുറത്തിനു സമീപം ബ്ലാത്തിക്കവലയിൽ അനധികൃതമായി ആഴത്തും പന ചെത്തി കള്ള് വിൽക്കുന്നതിന് എതിരെ എക്‌സൈസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. പനങ്കള്ള് വിൽപന നടക്കുന്നുവെന്ന രഹസ്യ വിവരത്തെ തുടർന്ന് അന്വേഷിക്കാൻ പോകുമ്പോഴായിരുന്നു സംഘത്തിന്റെ ആക്രമണം. പ്രതികളെ കുറിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടും പൊലീസ് ഇവരെ പിടികൂടുന്നില്ലെന്ന് ആരോപിച്ചാണ് സുനിലിന്റെ ഭാര്യയും കുഞ്ഞും അടങ്ങിയ ബന്ധുക്കൾ കാളിയാർ പൊലീസ് സ്റ്റേഷനിലെത്തി പ്രതിഷേധിച്ചത്. പ്രതികളെ പിടികൂടാൻ പ്രത്യേക സംഘത്തെ നിയോഗിച്ചതായും ഇന്ന് അറസ്റ്റിലാകുമെന്നും പൊലീസ് ബന്ധുക്കളെ അറിയിച്ചതോടെയാണ് ഇവർ മടങ്ങിയത്.