തൊടുപുഴ: ആർക്കും കേവല ഭൂരിപക്ഷം ഇല്ലാത്ത തൊടുപുഴ നഗരസഭയിൽ വിമതരായ രണ്ടു പേരുടെ പിന്തുണയോടെ യു.ഡി.എഫ് ഭരണത്തേര് തെളിക്കും. കേരളാ കോൺഗ്രസ് ജോസഫ് വിഭാഗത്തിലെ ജോസഫ് ജോണാകും ആദ്യ ഒരു വർഷം ചെയർമാൻ. ബാക്കിയുള്ള രണ്ടു വർഷം വീതം മുസ്ലിംലീഗിനും കോൺഗ്രസിനും ആയിരിക്കും ചെയർമാൻ പദവി. ഇതിന്റെ മുൻഗണനാ ക്രമം ചർച്ചയിലൂടെ തീരുമാനിക്കും. അതേ സമയം വൈസ് ചെയർപേഴ്‌സൺ സ്ഥാനാർത്ഥി സംബന്ധിച്ച് ഇതുവരെയും യു.ഡി.എഫിൽ ധാരണയായിട്ടില്ല. കോൺഗ്രസ് വിമതരായി 12-ാം വാർഡിൽ നിന്ന് വിജയിച്ച സനീഷ് ജോർജിന്റെയും 19-ാം വാർഡിൽ നിന്ന് വിജയിച്ച നിസാ സക്കീറിന്റെയും പിന്തുണ ലഭിച്ചതായി ഡി.സി.സി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാർ പറഞ്ഞു. ഭരണം ലഭിച്ചാൽ ആദ്യ ഒരു വർഷം കേരളാ കോൺഗ്രസ് ജോസഫ് വിഭാഗത്തിന് നൽകണമെന്ന് അവകാശവാദം ഉന്നയിച്ചിരുന്നു. പി.ജെ. ജോസഫ് ഇക്കാര്യം യു.ഡി.എഫിന്റെ ഉന്നതനേതാക്കളോട് ആവശ്യപ്പെട്ടിരുന്നതായി വാർത്തകളുണ്ടായിരുന്നു. ഇന്നലെ ചേർന്ന യു.ഡി.എഫ് നേതൃയോഗത്തിൽ ജോസഫ് വിഭാഗത്തിന് ചെയർമാൻ സ്ഥാനാർത്ഥി പദം നൽകാൻ ധാരണയാകുകയായിരുന്നു. വൈസ് ചെയർപേഴ്സൺ സ്ഥാനത്തേക്ക് വിമതയായി ജയിച്ച നിസാ സക്കീർ അവകാശ വാദം ഉന്നയിക്കുന്നതായാണ് അറിയാൻ കഴിയുന്നത്. ഇരു മുന്നണികളുടെയും നീക്കങ്ങൾ വീക്ഷിച്ച് ബി.ജെ.പിയും രംഗത്തുണ്ട്. അതേസമയം എൽ.ഡി.എഫ് നേതാക്കൾ മനസ് തുറന്നിട്ടില്ല.
കേവലം ഭൂരിപക്ഷമില്ലാതെ രണ്ടാം വട്ടം
ത്രികോണ പോരാട്ടം നടന്ന തൊടുപുഴ നഗരസഭയിൽ 35 അംഗ ഭരണസമിതിയിൽ യു.ഡി.എഫ്- 13, എൽ.ഡി.എഫ്- 12, ബി.ജെ.പി- 8, വിമതർ- 2 എന്നിങ്ങനെയാണ് കക്ഷിനില. യു.ഡി.എഫിൽ മുസ്ലിംലീഗ്- 6, കോൺഗ്രസ്- 5, കേരളാ കോൺഗ്രസ് ജോസഫ്- 2 എന്നിങ്ങനെയാണ് സീറ്റ് നില. 2015ൽ യു.ഡി.എഫ്- 14, എൽ.ഡി.എഫ്-13, ബി.ജെ.പി- 8 എന്നിങ്ങനെയായിരുന്നു കക്ഷിനില.