കഞ്ഞിക്കുഴി: രാത്രിയുടെ മറവിൽ സാമൂഹ്യവിരുദ്ധർ തോട്ടിൽ പഴകിയ മത്സ്യം ഉപേക്ഷിച്ചു. കഞ്ഞിക്കുഴി ടൗണിനു സമീപത്തുകൂടി ഒഴുകുന്ന തോട്ടിൽ കുഴിസിറ്റി ഭാഗത്താണ് സാമൂഹ്യവിരുദ്ധർ പഴകിയ മത്സ്യം ഉപേക്ഷിച്ചത്. നൂറുകണക്കിന് കുടുംബങ്ങൾ കുളിക്കാനും അലക്കാനും ഉപയോഗിക്കുന്ന തോട്ടിലാണ് സാമൂഹ്യവിരുദ്ധർ പഴകിയ മത്സ്യം തള്ളിയത്. തോട്ടിൽ ഉപേക്ഷിച്ച പഴകിയ മത്സ്യത്തിൽ നിന്ന് പുഴുവരിച്ച് ദുർഗന്ധം വമിക്കുകയാണ്. തോടിന്റെ കരയിലുള്ള കുടിവെള്ള സ്രോതസുകളും മലിനമാകുമോയെന്ന ഭീതിയിലാണ് പ്രദേശവാസികൾ. പെരിയാറ്റിലേക്കാണ് തോട് ഒഴുകിയെത്തുന്നത്. രാത്രിയിൽ വാഹനങ്ങളിൽ എത്തിയാണ് ഉപയോഗശൂന്യമായ മത്സ്യം തോട്ടിൽ നിക്ഷേപിക്കുന്നത്. രാത്രിയിൽ പൊലിസ് പട്രോളിംഗ് ശക്തമാക്കുകയും കുറ്റക്കാരെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കുകയും ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം.