തൊടുപുഴ: നഗരസഭയിലെ ചെയർമാൻ സ്ഥാനം സംബന്ധിച്ച ചർച്ച കഴിഞ്ഞിറങ്ങിയ ഡി.സി.സി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാറിനെയും കെ.പി.സി.സി. നിർവാഹക സമിതി അംഗം ജോയി തോമസിനും നേരേ കൈയേറ്റ ശ്രമം. ഇന്നലെ രാത്രി പത്ത് മണിയോടെയാണ് സംഭവം. നഗരസഭയിൽ ആദ്യ ടേമിൽ പി.ജെ. ജോസഫ് വിഭാഗത്തിന് ചെയർമാൻ സ്ഥാനം നൽകാനുള്ള യു.ഡി.എഫ് നേതൃത്വത്തിന്റെ തീരുമാനത്തിനെതിരെ ഒരു വിഭാഗം കോൺഗ്രസ് പ്രവർത്തകർ തൊടുപുഴ സിസിലിയ ഹോട്ടലിന് മുന്നിൽ പ്രതിഷേധവുമായെത്തിയിരുന്നു. ഏഴു പേർ മത്സരിച്ച് അഞ്ചു പേരും തോറ്റ ജോസഫ് പക്ഷത്തിന് ചെയർമാൻ സ്ഥാനം നൽകിയത് അംഗീകരിക്കാനാവില്ലെന്ന് പ്രവർത്തകർ പറഞ്ഞു. ഇക്കാര്യം പറഞ്ഞ് ഇവർ നേതാക്കളെ കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയായിരുന്നു. മറ്റ് മുതിർന്ന നേതാക്കളിടപെട്ടാണ് പ്രവർത്തകരെ തണുപ്പിച്ചത്. 12-ാം വാർഡിൽ മത്സരിച്ച് ജയിച്ച കോൺഗ്രസ് വിമതന്റെ പിന്തുണ സ്വീകരിക്കേണ്ടെന്നാണ് ജോസഫ് വിഭാഗത്തിന്റെ ചെയർമാൻ സ്ഥാനാർത്ഥി അഡ്വ. ജോസഫ് ജോൺ പരസ്യമായി മുമ്പ് പ്രഖ്യാപിച്ചതെന്നും ഇപ്പോൾ ചെയർമാൻ സ്ഥാനത്തിനു വേണ്ടി വിമതന്റെ പിന്തുണയോടെയെങ്കിലും ചെയർമാൻ സ്ഥാനം വേണമെന്നാണ് ജോസഫ് വിഭാഗത്തിന്റെ ആവശ്യം. ജോസഫ് വിഭാഗത്തിന് പിന്തുണ നൽകാൻ കോൺഗ്രസ് കൗൺസിലർമാർ തയ്യാറാകില്ലെന്നും കോൺഗ്രസ് ഓഫീസിന് മുന്നിൽ വൻ പ്രതിഷേധം ഉയരുമെന്നും പ്രവർത്തകർ പറഞ്ഞു. രാത്രി വൈകിയും സ്ഥലത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.