
ചെറുതോണി: ക്രിസ്തുമസ് ന്യൂ ഇയർ ആഘോഷങ്ങളോടനുബന്ധിച്ച് ഇടുക്കി ,ചെറുതോണി അണക്കെട്ടുകൾ കാണുന്നതിന് സന്ദർശകരുടെ തിരക്കേറി. കൊവിഡ് വ്യാപനത്തെത്തുടർന്ന് കഴിഞ്ഞ മാർച്ചുമുതൽ സന്ദർശനം നിറുത്തിവച്ചിരുന്നു. നവംബർ മുതൽ ശനി, ഞായർ ദിവസങ്ങളിലും പൊതുഅവധി ദിവസങ്ങളിലും സന്ദർശനമനുവദിച്ചിരുന്നു. ഡിസംബർ 21 മുതലാണ് എല്ലാദിവസവും സന്ദർശനമനുവദിച്ചത്. ജനുവരി 16 വരെയാണ് തുടർച്ചയായി അനുവാദം നൽകിയിരിക്കുന്നത്. 21 മുതൽ ഇന്നലെവരെ 15000 ത്തോളം സന്ദർശകരാണ് ഇടുക്കിയിലെത്തിയത്. സംസ്ഥാനത്തു നിന്നും പുറത്തുനിന്നും സന്ദർശകരെത്തുന്നുണ്ട്. ഞായറാഴ്ചമാത്രം 4500 പേർ ഇടുക്കിയിലെത്തിയിരുന്നു. ഹിൽവ്യൂ പാർക്കിലും വനംവകുപ്പു നടത്തുന്ന ബോട്ടിംഗിലും ധാരാളംപേർ എത്തുന്നുണ്ട്. അണക്കെട്ട് കാണുന്നതിന് ഒരാൾക്ക് 25 രൂപയാണ് ഫീസ്. അണക്കെട്ടിൽ സഞ്ചരിക്കുന്നതിന് ബഗ്ഗികാറും അനുവദിച്ചിട്ടുണ്ട്. ന്യൂ ഇയറിന് സന്ദർശകരുടെ വൻതിരക്കുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അണക്കെട്ടു തുറന്നതോടെ വ്യാപരമേഖലയിൽ ഉണർവുണ്ടായിട്ടുണ്ടെന്ന് വ്യാപാരികൾ പറഞ്ഞു.