k-radhakrishnan


ചെറുതോണി: ഒരു മാസമായി രാജ്യ തലസ്ഥാനത്ത് നടക്കുന്ന കർഷക പ്രക്ഷോഭം സ്വാതന്ത്ര്യ സമരത്തിന് സമാനമാണെന്ന് മുൻ സ്പീക്കറും സി പി എം കേന്ദ്ര കമ്മറ്റി അംഗവുമായ കെ.രാധാകൃഷ്ണൻ പറഞ്ഞു.രാജ്യത്തെ കർഷകർക്കെതിരായ കരിനിയമങ്ങൾ പിൻവലിക്കുന്ന കാര്യത്തിൽ കേന്ദ്രഗവൺമെന്റ് ഉടൻ തീരുമാനം എടുക്കണമെന്നും അല്ലാത്ത പക്ഷം സമരം രാജ്യമാകെ വ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രക്ഷോഭത്തെ അടിച്ചമർത്താൻ നോക്കുന്ന നരേന്ദ്ര മോദി ഭാരതത്തിന്റെ സമര ചരിത്രം അദ്യം പഠിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കർഷക പ്രക്ഷോഭത്തിന് ഐഖ്യദാർഢ്യം പ്രഖ്യാപിച്ച് സംയുക്ത സമരസമിതി ചെറുതോണിയിൽ നടത്തുന്ന തുടർ സത്യാഗ്ര സമരത്തിന്റെ ആറാം ദിവസത്തെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കിസാൻ ജനത സംസ്ഥാന കമ്മറ്റി മെമ്പർ സണ്ണി ഇല്ലിക്കൻ അദ്ധ്യക്ഷനായിരുന്നു. കർഷക സംഘടന നേതാക്കളായ സി.വി. വർഗീസ് ., എൻ വി ബേബി, വി എം മോഹനൻ , സേനാപതി ശശി, ജോയി അമ്പാട്ട്, സെലിൻ കുഴിഞ്ഞാലി, റോമിയോ സെബാസ്റ്റ്യൻ, സിനോജ് വള്ളാടി , കെ.ജി സത്യൻ സിജി ചാക്കോ , സി.എം .അസീസ് എൻ.പി സുനിൽകുമാർ ,ടി ജെ ഷൈൻ, ശ്രീജ ഷിബു , വി.കെ. പെരുമാൾ,ജിമ്മി ജോർജ് എന്നിവർ പ്രസംഗിച്ചു.