
തൊടുപുഴ: കോൺഗ്രസ് വിമതയുടെ പിന്തുണയോടെ ഭരണം ഉറപ്പെന്ന് ഞായറാഴ്ച യു.ഡി.എഫ് പ്രഖ്യാപിച്ച തൊടുപുഴ നഗരസഭ നേരം പുലർന്നപ്പോൾ
കോൺഗ്രസ് വിമതന്റെയും കൂറുമാറിയ മുസ്ലീംലീഗ് സ്വതന്ത്രയുടെയും പിന്തുണയോടെ എൽ.ഡി.എഫ് പിടിച്ചെടുത്തു. കോൺഗ്രസ് വിമതൻ സനീഷ് ജോർജ് ചെയർമാനായും മുസ്ലിംലീഗ് സ്വതന്ത്ര ജെസി ജോണി നെടുംകല്ലേൽ വൈസ് ചെയർപേഴ്സണായും ഒരു വോട്ടിന്റെ ഭൂരിപക്ഷത്തിൽ തിരഞ്ഞെടുക്കപ്പെട്ടു.
35 അംഗ നഗരസഭാ കൗൺസിലിൽ യു.ഡി.എഫ്- 13, എൽ.ഡി.എഫ്- 12, എൻ.ഡി.എ- എട്ട്, കോൺഗ്രസ് വിമതർ രണ്ട് എന്നിങ്ങനെയായിരുന്നു കക്ഷിനില. ആർക്കും കേവലഭൂരിപക്ഷമില്ലാത്തതിനാൽ 14 പേരുടെ പിന്തുണ ഉറപ്പിക്കുന്ന മുന്നണി അധികാരത്തിൽ എത്തുന്ന അവസ്ഥ. 19-ാം വാർഡായ കീരികോടിൽ നിന്ന് കോൺഗ്രസ് വിമതയായി ജയിച്ച നിസ സക്കീർ ഞായറാഴ്ച കോൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ചതോടെ യു.ഡി.എഫ് അധികാരം ഉറപ്പിച്ചതായിരുന്നു. 12-ാം വാർഡായ കാരൂപ്പാറയിൽ നിന്ന് കോൺഗ്രസ് വിമതനായി ജയിച്ച സനീഷ് ജോർജിന്റെ പിന്തുണയും ഉറപ്പിച്ചതായാണ് ഞായറാഴ്ച രാത്രി ഡി.സി.സി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാർ അവകാശപ്പെട്ടത്. എന്നാൽ, തിങ്കളാഴ്ച രാവിലെ അപ്രതീക്ഷിത അട്ടിമറിയാണ് ഉണ്ടായത്. കോൺഗ്രസ് വിമതൻ സനീഷ് ജോർജും ഒമ്പതാം വാർഡായ പെട്ടേനാടിൽ നിന്ന് മുസ്ലിംലീഗ് സ്വതന്ത്രയായി ജയിച്ച ജെസി ജോണിയും എൽ.ഡി.എഫ് പാളയത്തിലെത്തി. കേരള കോൺഗ്രസ് (എം) ജോസഫ് വിഭാഗക്കാരനായ അഡ്വ. ജോസഫ് ജോണിനെയാണ് ചെയർമാൻ തിരഞ്ഞെടുപ്പിൽ സനീഷ് ജോർജ് പരാജയപ്പെടുത്തിയത്. എൻ.ഡി.എയുടെ ടി.എസ്. രാജനും മത്സര രംഗത്തുണ്ടായിരുന്നു.
ആദ്യഘട്ട വോട്ടെടുപ്പിൽ സനീഷ് ജോർജിന് 14ഉം ജോസഫ് ജോണിന് 13ഉം ടി.എസ്. രാജന് എട്ടും വോട്ടുകൾ ലഭിച്ചു. തുടർന്ന് ഏറ്റവും കൂടുതൽ വോട്ട് ലഭിച്ച രണ്ട് സ്ഥാനാർത്ഥികളെ ഉൾപ്പെടുത്തി നടത്തിയ രണ്ടാംഘട്ട വോട്ടെടുപ്പിലാണ് വിജയിയെ നിർണയിച്ചത്. അപ്പോഴും സനീഷ് ജോർജിന് 14ഉം ജോസഫ് ജോണിന് 13ഉം വോട്ടുകൾ ലഭിച്ചു. എൻ.ഡി.എ അംഗങ്ങൾ രണ്ടാംഘട്ട വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. ഉച്ചയ്ക്ക് രണ്ടിന് നടന്ന വൈസ് ചെയർപേഴ്‌സൺ തിരഞ്ഞെടുപ്പിലും ഇതേ വോട്ട് നില ആവർത്തിച്ചു. മുസ്ലീംലീഗിന്റെ ഷഹനാ ജഫാറും എൻ.ഡി.എയുടെ ബിന്ദു പത്മകുമാറുമായിരുന്നു ജെസി ജോണിയുടെ എതിരാളികൾ.