മുട്ടം: വിചാരണ തടവുകാരനെ കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മുട്ടം തുടങ്ങനാട് റാണി ഗിരി ആശുപത്രിയിൽ പ്രവർത്തിക്കുന്ന കൊവിഡ് സെന്ററിലാണ് കാഞ്ചിയാർ ലബ്ബക്കട കലത്തുങ്കൽ ബിനോയി ജോണിനെ (46) തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സി എഫ് എൽ ടി സി യിലെ മറ്റ് തടവുകാർക്കൊപ്പം ഇന്നലെ പുലർച്ചെ ബിനോയി ബാത്ത്റൂമിൽ പോയി. മറ്റുള്ളവർ തിരികെ റൂമിൽ എത്തിയെങ്കിലും ഇയാൾ മാത്രം എത്താതെ വന്നതിനെ തുടർന്ന് സുരക്ഷാ ജീവനക്കാർ നടത്തിയ അന്വേഷണത്തിലാണ് കഴുത്തിൽ കെട്ടിയ തോർത്ത് ബാത്ത്റൂമിന്റെ കമ്പിയിൽ കുരുക്കി തൂങ്ങി നില്ക്കുന്നതായി കണ്ടത്. സുരക്ഷാ ജീവനക്കാർ ഉടൻ താഴെ ഇറക്കി ജില്ലാ ജയിലിൽ വിവരം അറിയിച്ചു. തുടർന്ന് തൊടുപുഴ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.വിവരം അറിഞ്ഞതിനെത്തുടർന്ന് ജില്ലാ ജയിൽ സൂപ്രണ്ട് ശിവദാസിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ റാണിഗിരി ആശുപത്രിയിൽ എത്തിയിരുന്നു. കൊവിഡ് പരിശോധനാ ഫലം നെഗറ്റീവായതിനെ തുടർന്ന് ഇന്ന് പോസ്റ്റ് മോർട്ടം നടത്തുന്നതിന് വേണ്ടി ഇന്നലെ വൈകിട്ടോടെ മൃതദേഹം കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഇടുക്കി ആർ ഡി ഒ സെബാസ്റ്റ്യൻ പി ജെ, തൊടുപുഴ ഡി വൈ എസ് പി സദനൻ, മുട്ടം സി ഐ വി ശിവകുമാർ, എസ് ഐ പി കെ ഷാജഹാൻ, മുഹമ്മദ് എന്നിവരുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തീകരിച്ചു. കുമളി പൊലീസ് രജിസ്റ്റർ ചെയ്ത പോക്സോ കേസിൽ പീരുമേട് മജിസ്ട്രേറ്റാണ് റിമാന്റ് ചെയ്തത്. കഴിഞ്ഞ 23 നാണ് കൊവിഡ് നിരീക്ഷണത്തിന് എത്തിച്ചത്.
ഏതാനും ആഴ്ച്ചകൾക്ക് മുൻപ് മുട്ടം ജില്ലാ ജെയിലിൽ വിചാരണ തടവുകാരനായ യുവാവ് ആത്മഹത്യ ചെയ്തിരുന്നു.