തൊടുപുഴ: എൽ.ഡി.എഫിന്റെ സർജിക്കൽ സ്ട്രൈക്കിൽ ഞെട്ടിത്തരിച്ച് യു.ഡി.എഫ്. ഇന്നലെ രാവിലെ വരെ ഉറപ്പിച്ചിരുന്ന തൊടുപുഴ നഗരസഭാ ഭരണം കപ്പിനും ചുണ്ടിനുമിടയിൽ നഷ്ടപ്പെട്ടത് കൂടാതെ സ്വന്തം പാളയത്തിൽ നിന്ന് ഒരംഗം കൂറുമാറിയതിന്റെ ആഘാതത്തിലുമാണ് ഇപ്പോൾ യു.ഡി.എഫ് ക്യാമ്പ്. അപ്രാപ്യമെന്ന് തോന്നിയ ഭരണം രാഷ്ട്രീയ ചാണക്യ തന്ത്രങ്ങളിലൂടെ പിടിച്ചെടുത്തതിന്റെ ആഹ്ലാദത്തിലാണ് തൊടുപുഴയിലെ എൽ.ഡി.എഫ് നേതാക്കൾ. തിരഞ്ഞെടുപ്പ് ഫലം വന്ന 16 മുതൽ വിമതരെ കൂടെ കൂട്ടി ഭരണം ഉറപ്പിക്കാനുള്ള നീക്കത്തിലായിരുന്നു ഇരുമുന്നണികളും. 35 അംഗ നഗരസഭാ കൗൺസിലിൽ യു.ഡി.എഫ്- 13, എൽ.ഡി.എഫ്- 12, എൻ.ഡി.എ- എട്ട്, കോൺഗ്രസ് വിമതർ- രണ്ട് എന്നിങ്ങനെയായിരുന്നു കക്ഷിനില. ആർക്കും കേവലഭൂരിപക്ഷമില്ലാത്തതിനാൽ 14 പേരുടെ പിന്തുണ ഉറപ്പിക്കുന്ന മുന്നണി അധികാരത്തിൽ എത്തുമായിരുന്നു. ഈ മാന്ത്രികസംഖ്യയിലെത്താൻ യു.ഡി.എഫിന് ഒരാളുടെയും എൽ.ഡി.എഫിന് രണ്ട് പേരുടെയും പിന്തുണ ആവശ്യമായിരുന്നു. കോൺഗ്രസ് വിമതരുടെ പിന്തുണ ലഭിക്കുമെന്ന ഉറച്ച വിശ്വാസത്തിലായിരുന്നു യു.ഡി.എഫ്. സ്വന്തം അക്കൗണ്ടിലുള്ള 13 പേരും കൂടെ നിൽക്കുമെന്ന കണക്കു കൂട്ടലിൽ വിമതരെ ഒപ്പം കൂട്ടാൻ ചർച്ചകളുമായി ഇവർ മുന്നോട്ടു പോയി. യു.ഡി.എഫ് സംസ്ഥാനതല നേതാക്കൾ വരെ ചർച്ചകൾക്ക് രംഗത്ത് വന്നിരുന്നു. 19-ാം വാർഡായ കീരികോടിൽ നിന്ന് കോൺഗ്രസ് വിമതയായി ജയിച്ച നിസ സക്കീർ ഞായറാഴ്ച പിന്തുണ പ്രഖ്യാപിച്ചതോടെ യു.ഡി.എഫ് അധികാരം ഉറപ്പിച്ചതായിരുന്നു. ഭരണം ലഭിച്ചാൽ ടേം അനുസരിച്ചുള്ള വീതം വയ്പും ഇതിനിടെ നടത്തി. ആറ് അംഗങ്ങൾ ഉള്ള മുസ്ലിംലീഗിനും അഞ്ച് അംഗങ്ങൾ ഉള്ള കോൺഗ്രസിനും രണ്ടു വർഷം വീതവും രണ്ട് അംഗങ്ങൾ ഉള്ള കേരളാ കോൺഗ്രസ് ജോസഫ് വിഭാഗത്തിന് ഒരു വർഷവും ചെയർമാൻ പദവി നൽകാനായിരുന്നു ഞായറാഴ്ച രാത്രി നടന്ന ചർച്ചയിൽ ധാരണയായത്. ഇതനുസരിച്ച് കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിലെ ജോസഫ് ജോണിന് ആദ്യ ഒരു വർഷം ചെയർമാൻ പദവി നൽകാനും തീരുമാനിച്ചു. 12-ാം വാർഡായ കാരൂപ്പാറയിൽ നിന്ന് കോൺഗ്രസ് വിമതനായി ജയിച്ച സനീഷ് ജോർജിന്റെ പിന്തുണയും തങ്ങൾ ഉറപ്പിച്ചതായാണ് ഞായറാഴ്ച രാത്രി വൈകി ഡി.സി.സി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാർ അവകാശപ്പെട്ടത്. എന്നാൽ, ഇന്നലെ രാവിലെ അപ്രതീക്ഷിത അട്ടിമറിയാണ് ഉണ്ടായത്. സനീഷ് ജോർജും ഒമ്പതാം വാർഡായ പെട്ടേനാടിൽ മുസ്ലീംലീഗ് സ്വതന്ത്രയായി മത്സരിച്ച് ജയിച്ച ജെസി ജോണിയും എൽ.ഡി.എഫ് പാളയത്തിലെത്തി. യു.ഡി.എഫിനെ ഞെട്ടിച്ച് വിമതൻ സനീഷ് ജോർജിനെ ചെയർമാൻ സ്ഥാനാർത്ഥിയും മുസ്ലീംലീഗിന്റെ പിന്തുണയോടെ മത്സരിച്ചു വിജയിച്ച ജെസി ജോണിയെ വൈസ് ചെയർപേഴ്‌സൺ സ്ഥാനാർത്ഥിയുമാക്കി എൽ.ഡി.എഫ് രംഗത്തെത്തി. ചെയർമാൻ തിരഞ്ഞെടുപ്പിൽ ആദ്യഘട്ട വോട്ടെടുപ്പിൽ സനീഷ് ജോർജിന് 14ഉം ജോസഫ് ജോണിന് 13ഉം എൻ.ഡി.എയുടെ ടി.എസ്.രാജന് എട്ടും വോട്ടുകൾ ലഭിച്ചു. തുടർന്ന് ഏറ്റവും കൂടുതൽ വോട്ട് ലഭിച്ച രണ്ട് സ്ഥാനാർത്ഥികളെ ഉൾപ്പെടുത്തി നടത്തിയെ രണ്ടാംഘട്ട വെട്ടെടുപ്പിലാണ് വിജയിയെ നിർണയിച്ചത്. അപ്പോഴും സനീഷ് ജോർജിന് 14ഉം ജോസഫ് ജോണിന് 13ഉം വോട്ടുകൾ ലഭിച്ചു. എൻ.ഡി.എ അംഗങ്ങൾ രണ്ടാംഘട്ടവോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. ഉച്ചയ്ക്ക് രണ്ടിന് നടന്ന വൈസ് ചെയർപേഴ്‌സൺ തിരഞ്ഞെടുപ്പിലും ഇതേ വോട്ട് നില ആവർത്തിച്ചു. ലീഗിന്റെ ഷഹനാ ജഫാറും എൻ.ഡി.എയുടെ ബിന്ദുപദ്മകുമാറുമായിരുന്നു ജെസി ജോണിയുടെ എതിരാളികൾ. ഇടുക്കി ആർ.ഡി.ഒ പി.ജെ സെബാസ്റ്റ്യനായിരുന്നു വരണാധികാരി.