തൊടുപുഴ: 2018ൽ മിനി മധു ആറ് മാസക്കാലം ചെയർപേഴ്സണായിരുന്നത് ഒഴിച്ചാൽ രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷമാണ് എൽ.ഡി.എഫ് തൊടുപുഴ നഗരസഭയിൽ അധികാരം പിടിക്കുന്നത്. 2018 ജൂൺ 18ന് നടന്ന ചെയർപഴ്‌സൺ തിരഞ്ഞെടുപ്പിൽ കോൺഗ്രസിലെ ഒരു അംഗത്തിന്റെ വോട്ട് അസാധുവായതോടെ യു.ഡി.എഫ്, എൽ.ഡി.എഫ് സ്ഥാനാർത്ഥികൾക്ക് തുല്യം വോട്ട് വന്നിരുന്നു. തുടർന്ന് നറുക്കെടുപ്പിലൂടെ എൽ.ഡി.എഫ് സ്ഥാനാർത്ഥി മിനി മധു വിജയിച്ചു. ആറ് മാസത്തിന് ശേഷം ബി.ജെ.പി പിന്തുണയോടെ അവിശ്വാസം പാസാക്കിയാണ് യു.ഡി.എഫ് ഭരണം തിരിച്ചു പിടിച്ചത്. ഇത് മാറ്റി നിറുത്തിയാൽ 1995- 2000 കാലഘട്ടത്തിലാണ് അവസാനമായി എൽ.ഡി.എഫ് തൊടുപുഴ നഗരസഭയിൽ അഞ്ചു വർഷം തികച്ച് ഭരിക്കുന്നത്. ആദ്യ ആറ് മാസം എം.പി. ഷൗക്കത്തലിയും പിന്നീടുള്ള നാലര വർഷം രാജീവ് പുഷ്പാംഗദനുമായിരുന്നു അന്ന് ചെയർമാൻ.