തൊടുപുഴ : തൊടുപുഴ നഗരസഭയിലെ ഇരുപതു വർഷത്തെ യുഡിഎഫ് ദുർഭരണത്തിനാണ് ഇപ്പോൾ തിരിച്ചടി നേരിട്ടിരിക്കുന്നതെന്ന് എൽഡിഎഫ് തൊടുപുഴ നിയോജക മണ്ഡലം കൺവീനർ വി.വി .മത്തായി പ്രസ്താവനയിൽ പറഞ്ഞു. എൽഡിഎഫ് സർക്കാരിന്റെ ജനോപകാര പ്രവർത്തനങ്ങൾക്കുള്ള അംഗീകാരവുമാണ് എൽഡിഎഫിന് നഗരസഭയിൽ ലഭിച്ച ഈ വിജയം. ചെയർമാൻ, വൈസ് ചെയർമാൻ സ്ഥാനത്തേക്കുള്ള വിജയത്തിലൂടെ ഭരണം എൽഡിഎഫിന്റെ കൈകളിൽ ഭദ്രമായി. സംസ്ഥാന സർക്കാരിന്റെ കരുതലിൽ തൊടുപുഴയിൽ വികസന തേരോട്ടത്തിന് ഇനി വഴിയൊരുങ്ങും.
ബിജെപിയല്ല, ഇടതുപക്ഷമാണ് കേരളത്തിലെ ശത്രു എന്ന് പ്രസ്താവിച്ച പി കെ കുഞ്ഞാലിക്കുട്ടിക്ക് തൊടുപുഴയിലെ മുസ്ലിം വോട്ടർമാർ മുന്നറിയിപ്പും നൽകി. നഗരസഭയിലെ ആദ്യ കൗൺസിലും,അതിനു ശേഷം അധികാരത്തിലെത്തിയ എൽഡിഎഫിന്റെ കൗൺസിലുകളും ഏറ്റെടുത്തു നടപ്പാക്കിയ വികസന പ്രവർത്തനങ്ങളുടെ തുടർച്ച ഇനിയുണ്ടാവും. സമയബന്ധിതമായി വികസന പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ എൽഡിഎഫ് ഭരണസമിതി ഇടപെടുമെന്നും വി വി മത്തായി പറഞ്ഞു.