തൊടുപുഴ: എന്തു വില കൊടുത്തും ഭരണം പിടിച്ചെടുക്കാനുള്ള തന്ത്രങ്ങളുമായി എൽ.ഡി.എഫ് രഹസ്യമായി നടത്തിയ കരുനീക്കമാണ് നഗരസഭയിൽ ഭരണം പിടിച്ചെടുത്തത്. കോൺഗ്രസ് വിമതരുമായുള്ള ചർച്ചയ്‌ക്കൊപ്പം യു.ഡി.എഫ് സ്വതന്ത്രരെയും കൂടെ കൂട്ടാനുള്ള ചർച്ചകളും എൽ.ഡി.എഫ് നടത്തിയിരുന്നു. ലീഗിന്റെ പിന്തുണയോടെ മത്സരിച്ചു വിജയിച്ച ജെസി ജോണിയുമായി എൽ.ഡി.എഫ് ചർച്ച നടത്തിയത് യു.ഡി.എഫ് അറിഞ്ഞില്ല. ആദ്യടേമിൽ വൈസ് ചെയർപേഴ്‌സൺ സ്ഥാനം ജെസി ജോണി ആവശ്യപ്പെട്ടെങ്കിലും ഇതു നൽകാൻ ലീഗ് നേതൃത്വം തയ്യാറാകാതിരുന്നതാണ് ഇവർ എൽ.ഡി.എഫ് പക്ഷത്തേക്ക് അപ്രതീക്ഷിതമായി പോകാൻ കാരണമെന്നും സൂചനയുണ്ട്. ഇതിനിടെ ബി.ജെ.പി സ്വതന്ത്ര നിലപാട് സ്വീകരിച്ചതും എൽ.ഡി.എഫിന് ഗുണം ചെയ്തു. ഒടുവിൽ ആർക്കും കേവല ഭൂരിപക്ഷമില്ലാത്ത നഗരസഭയിൽ ഒരാളുടെ പിൻബലത്തിൽ എൽ.ഡി.എഫ് ഡ്രൈവിംഗ് സീറ്റിലെത്തുകയായിരുന്നു. അതേസമയം ജെസി ജോണിയെ കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യയാക്കണമെന്ന് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കുമെന്ന് ലീഗ് നേതാക്കൾ പറഞ്ഞു.
വിനയായത് തമ്മിലടി
നഗരസഭ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥി നിർണയം മുതൽ യു.ഡി.എഫിലുണ്ടായിരുന്ന അസ്വാരസ്യങ്ങളുടെ ബാക്കി പത്രമായിരുന്നു ഇന്നലെ നടന്ന നഗരസഭ അദ്ധ്യക്ഷ പദവി തെരഞ്ഞടുപ്പ്. ഞായറാഴ്ച പി.ജെ.ജോസഫ് എം.എൽ.എയും ഡി.സി.സി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാറും ഉൾപ്പെടെയുള്ളവർ പങ്കെടുത്ത യോഗത്തിൽ അദ്ധ്യക്ഷ പദവി പങ്കിടുന്ന കാര്യത്തിൽ വരെ തീരുമാനമായിരുന്നു. കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിലെ ജോസഫ് ജോണിന് ആദ്യ ഒരു വർഷം ചെയർമാൻ പദവി നൽകാനും ധാരണയായിരുന്നു. ഇതിൽ പ്രതിഷേധിച്ച് ഞായറാഴ്ച രാത്രി കോൺഗ്രസ് പ്രവർത്തകർ യോഗം നടന്ന ഹോട്ടലിന് മുന്നിലെത്തിയിരുന്നു. ഇവരിൽ ചിലർ കല്ലാറിനെയും ജോസ് തോമസിനെയുമടക്കം കൈയേറ്റം ചെയ്യാൻ ശ്രമിച്ചിരുന്നു. തിരഞ്ഞെടുപ്പ് ഘട്ടമുതൽ കോൺഗ്രസിനുള്ളിലെ ഗ്രൂപ്പ് പോര് പലവട്ടം മറനീക്കി പുറത്തുവന്നു. ഇതിന്റെ ഏറ്റവും ഒടുവിലെ വിഴുപ്പലക്കലായിരുന്നു ഞായറാഴ്ച രാത്രിയുണ്ടായത്. ഇത് തുടക്കം മുതൽ നിയന്ത്രിക്കാനോ പ്രവർത്തകരുടെ വികാരം മനസിലാക്കി തീരുമാനമെടുക്കാനോ നേതൃത്വത്തിന് കഴിഞ്ഞില്ല. ഇതാണ് അർഹമായ നഗരസഭാ ഭരണം നഷ്ടപ്പെടാൻ കാരണമെന്ന് സാധാരണ കോൺഗ്രസ് പ്രവർത്തകർ പറയുന്നു.