തൊടുപുഴ: തൊടുപുഴ മുനിസിപ്പൽ ഭരണസമിതിയിലേക്കുള്ള ചെയർമാൻ, വൈസ് ചെയർപേഴ്‌സൺ തിരഞ്ഞെടുപ്പിൽ നടന്നത് 2021 നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷം നടത്താൻ പോകുന്ന രാഷ്ട്രീയ കൂട്ടുകെട്ടിന്റെ റിഹേഴ്‌സൽ ആണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് കെ .എസ് . അജി ആരോപിച്ചു. വെൽഫെയർ പാർട്ടിയും മുസ്ലിം ലീഗിനെയും ജമാഅത്തെ ഇസ്ലാമിയും എസ്.ഡി.പി.ഐ യേയും വർഗീയതയുടെ പേര് പറഞ്ഞ് അകറ്റി നിർത്തേണ്ടതാണെന്ന് പറഞ്ഞവർ തന്നെയാണ് ലീഗിനെ കൂട്ടുപിടിച്ച് തൊടുപുഴയിൽ മുൻസിപ്പൽ ഭരണം പിടിച്ചെടുത്തത് . ഇ എം . എസ് മന്ത്രിസഭയിൽ ചത്ത കുതിര എന്ന് നെഹ്രു വിശേഷിപ്പിച്ച മുസ്ലിം ലീഗിലെ സി. എച്ച്. മുഹമ്മദ് കോയയെ മന്ത്രി സ്ഥാനം കൊടുത്ത് ലീഗിനെ വളർത്തിയ ചരിത്രമാണ് തൊടുപുഴയിൽ ആവർത്തിച്ചത്. അഴിമതിയിലും സ്വർണക്കള്ളക്കടത്തിലും മുഖം വികൃതമായ മാർക്‌സിസ്റ്റ് പാർട്ടിയുടെ കപട മതേതര മുഖമാണ് തൊടുപുഴ മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ ആടി തിമിർത്തതെന്ന് കെ.എസ്. അജി പറഞ്ഞു.