തൊടുപുഴ: ഇന്നലെ വരെ ആട്ടോറിക്ഷാ ഓടിച്ചും തടിപ്പണി ചെയ്തും ജീവിച്ചിരുന്ന സാധാരണക്കാരൻ ഇനി തൊടുപുഴ നഗരസഭയുടെ ചെയർമാനാണ്. തങ്ങളിലൊരുവൻ അദ്ധ്യക്ഷ പദവിയിലെത്തിയതിൽ കുടുംബാംഗങ്ങളും നാട്ടുകാരും ഒരുപോലെ സന്തോഷിക്കുകയാണ്. പത്ത് വർഷമായി കോൺഗ്രസിന്റെ സജീവ പ്രവർത്തകനായിരുന്നു സനീഷ്. കുന്നം ബൂത്ത് പ്രസിഡന്റുമാണ്. എന്നാൽ, യു.ഡി.എഫിൽ കാരൂപ്പാറയിൽ ഇത്തവണ നീതിപൂർവം സീറ്റ് വിഭജനം നടക്കാത്തതിൽ പ്രതിഷേധിച്ച് വിമത സ്ഥാനാർത്ഥിയായി ജനവിധി തേടുകയായിരുന്നു. വിശ്വാസം കൈവിടാതെ ജനങ്ങൾ 301 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജയിപ്പിച്ചത്. ഇപ്പോൾ എൽ.ഡി.എഫ്. പിന്തുണയോടെ ചെയർമാനുമായി. എൽ.ഡി.എഫിന്റെ വികസന നയങ്ങൾ പിൻതുടർന്ന് തൊടുപുഴയെ വികസനത്തിലേക്ക് നയിക്കണമെന്ന് ഈ മുപ്പത്തിനാലുകാരൻ പറഞ്ഞു. രമ്യയാണ് ഭാര്യ. മക്കൾ: ശ്രീക്കുട്ടി, ശ്രീലക്ഷ്മി, ശ്രീലേഖ.

കാരൂപ്പാറക്കാർക്കിത് ഇരട്ടിമധുരം

തങ്ങളുടെ സ്വന്തം കൗൺസിലർ അപ്രതീക്ഷിതമായി ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ടപ്പോൾ ഇതേ വാർഡിലെ തന്നെ വോട്ടർ വൈസ് ചെയർപേഴ്‌സണുമായതിന്റെ സന്തോഷത്തിലാണ് ഇവിടത്തുകാർ. പെട്ടെനേട്ടിൽ നിന്നാണ് ജെസി കഴിഞ്ഞ രണ്ടു ടേമായി തിരഞ്ഞെടുക്കപ്പെട്ടതെങ്കിലും കാരൂപ്പാറ വാർഡിലെ ചെറുതോട്ടിൻകരയിലാണ് സ്ഥിര താമസം. ലീഗിന്റെ സിറ്റിംഗ് വാർഡായ പെട്ടേനാടു നിന്നാണ് ജെസി ജോണി വിജയിച്ചത്.