തൊടുപുഴ : അധികാരത്തിന് വേണ്ടി ജെസ്സി ജോണി രാഷ്ട്രീയ വഞ്ചന കാണിച്ചുവെന്ന് മുസ്ളിം ലീഗ് .ജെസ്സി ജോണി ക്ക് മുനിസിപ്പൽ ഒമ്പതാം വാർഡിൽ രണ്ടു തവണ അവസരം നൽകിയത് മുസ് ലിം ലീഗ് എന്ന പാർട്ടിയായിരുന്നു. തൊടുപുഴ നഗരസഭയിൽ ഒമ്പതാം വാർഡിലെ മുസ് ലിം ലീഗിന്റെ സ്വതന്ത്ര സ്ഥാനാർത്ഥിയായി 2015 ൽ മൽസരിച്ചു ജയിച്ചു കൗൺസിലറായി .. നഗരസഭാ വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി അദ്ധ്യക്ഷ പദവിയും നൽകി. വീണ്ടും ഇത്തവണ ജനറൽ സീറ്റിൽ അതേ വാർഡിൽ മുസ് ലിം ലീഗ് ഒരിക്കൽ കൂടി അവർക്ക് അവസരം കൊടുത്തു. ഇത്തവണ വൈസ് ചെയർപേഴ്‌സൺ സ്ഥാനം അവർ ആവശ്യപ്പെട്ടു. മുസ് ലിം ലീഗിന് അഞ്ച് വനിതാ കൗൺസിലർമാരാണുള്ളത്. ലീഗിന് അനുവദിച്ച രണ്ടര വർഷത്തെ വൈസ് ചെയർപേഴ്‌സൺ സ്ഥാനം ഒന്നേകാൽ വർഷം ജെസ്സി ജോണിക്കും, ഒന്നേകാൽ വർഷം ഷഹന ജാഫർ നും എന്ന് പാർട്ടി തീരുമാനിക്കുകയായിരുന്നു. ആദ്യ ടേം തന്നെ വൈസ് ചെയർപേഴ്‌സൺ സ്ഥാനം വേണം എന്ന ജസ്സിയുടെ ആവശ്യവും അംഗീകരിക്കുകയായിരുന്നു. ഇവർക്ക് വിപ്പ് നൽകുകയും ചെയ്തിരുന്നു.
യുഡിഎഫ് സ്ഥാനാർഥിയായി വിജയിച്ച ശേഷം കൂറുമാറ്റത്തിലൂടെ വോട്ടർമാരെ വഞ്ചിച്ച ജെസ്സി ജോണി കൗൺസിലർ സ്ഥാനം രാജിവെക്കണമെന്ന് മുസ്ളിം ലീഗ് തൊടുപുഴ മുനിസിപ്പൽ പ്രസിഡന്റ് എം എ കരീം, ജനറൽ സെക്രട്ടറി സി കെ ജാഫർ എന്നിവർ ആവശ്യപ്പെട്ടു.