തൊടുപുഴ: അട്ടിമറിയിലൂടെ ഇടതുപക്ഷം നഗരസഭാ ഭരണം പിടിച്ചെങ്കിലും എത്ര നാൾ മുന്നോട്ടുപോകാനാകുമെന്നതാണ് ഉയരുന്ന ചോദ്യം. യു.ഡി.എഫ് പാനലിൽ മുസ്ലിംലീഗ് സ്വതന്ത്രയായി വിജയിച്ച ജെസി ജോണിക്ക് കൂറുമാറ്റം ബാധകമാണെന്നാണ് യു.ഡി.എഫ് നേതാക്കൾ പറയുന്നത്. ജെസി ജോണിക്ക് വിപ്പ് ബാധകമാണെന്നും കൂറുമാറ്റ നിരോധന നിയമപ്രകാരം ഇവരെ അയോഗ്യയാക്കണമെന്ന് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നും ലീഗ് നേതാക്കൾ പറഞ്ഞു. എങ്കിലും ഇതിന് കാലതാമസമെടുക്കുമെന്ന ആത്മവിശ്വാസമാണ് എൽ.ഡി.എഫിനുള്ളത്. ആർക്കും കേവല ഭൂരിപക്ഷമില്ലാത്ത നഗരസഭയിൽ ഒരു മുന്നണിക്കും ഒറ്റയ്ക്ക് ഭരണസമിതിക്കെതിരെ അവിശ്വാസം കൊണ്ടു വരാൻ സാധിക്കില്ല. നിലവിൽ എൽ.ഡി.എഫ്-14, യു.ഡി.എഫ്-13, ബി.ജെ.പി- 8 എന്നിങ്ങനെയാണ് കക്ഷിനില. 18 അംഗങ്ങളുടെ പിന്തുണ ഉണ്ടെങ്കിലേ അവിശ്വാസം പാസാകൂ. അതിനാൽ ബി.ജെ.പിയുടെ നിലപാടും വരും നാളുകളിൽ നിർണായകമാകും.