തൊടുപുഴ: ഇടതുപക്ഷ സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ നഗരസഭയിൽ നടപ്പിലാക്കുമെന്ന് നഗരസഭാ ചെയർമാൻ സനീഷ് ജോർജ് പറഞ്ഞു. സ്വതന്ത്രനായി മത്സരിച്ച് വിജയിച്ച തന്നെ ഇരു കൈയും നീട്ടിയാണ് എൽ.ഡി.എഫ് സ്വീകരിച്ചത്. ഇടതുപക്ഷത്തിനൊപ്പം ചേർന്ന് നിന്ന് നഗര വികസനത്തിന് വേണ്ട നടപടികൾ ആവിഷ്‌കരിച്ച് നടപ്പാക്കും. ജനകീയ നയങ്ങൾക്കാണ് മുൻതൂക്കം. അട്ടിമറിയിലൂടെയാണ് താൻ ചെയർമാനായതെന്ന് കരുതുന്നില്ല. സർവ സ്വതന്ത്രൻ തന്നെയായാണ് മത്സരിച്ചത്. മറ്റ് കൗൺസിലർമാരുടെയും ഉദ്യോഗസ്ഥരുടെയും പിന്തുണയോടെ മികച്ച ഭരണം കാഴ്ചവയ്ക്കാനാകുമെന്നും സനീഷ് ജോർജ് പറഞ്ഞു.