തൊടുപുഴ: മൂവാറ്റുപുഴ നദീതട ജലസേചന പദ്ധതിയുടെ (എം.വി.ഐ.പി) ഭാഗമായ ഇടതുകര കനാലിൽ സർവത്ര മാലിന്യം നിറഞ്ഞിട്ടും വൃത്തിയാക്കാൻ നടപടിയില്ല. ​പെരുമറ്റം, കോലാനി, നടുക്കണ്ടം, നെടിയശാല, മണക്കാട്, അരിക്കുഴ, പണ്ടപ്പിള്ളി, രാമമംഗലം എന്നിവിടങ്ങളിലൂടെ ഒഴുകി മൂവാറ്റുപുഴയാറ്റിലേക്കാണ് ഇടതുകര കനാൽ ചേരുന്നത്. കനാലിലൂടെ ഇപ്പോൾ വെള്ളം തുറന്നുവിടാത്തതിനാൽ പലയിടത്തും മാലിന്യം കെട്ടി കിടക്കുന്ന സ്ഥിതിയാണ്. കനാലിൽ ആൾത്താമസമില്ലാത്ത പ്രദേശങ്ങളിൽ പലയിടത്തും സാമൂഹ്യ വിരുദ്ധർ വൻതോതിൽ പ്ലാസ്റ്റിക്, പച്ചക്കറി, മത്സ്യ, മാംസ അറവുമാലിന്യങ്ങൾ തള്ളുന്നുണ്ട്. ജനുവരി അഞ്ചിന് മലങ്കര അണക്കെട്ടിൽ നിന്ന് വെള്ളം തുറന്നുവിടുമെന്നിരിക്കെ മാലിന്യം നിറഞ്ഞ വെള്ളം അലക്കാനും കുളിക്കാനുമുപയോഗിക്കേണ്ട ഗതികേടിലാണ് നാട്ടുകാർ. അരിക്കുഴ,​ പാറക്കടവ് എന്നിവിടങ്ങളിൽ മലിനജലം അധികവും കെട്ടികിടക്കുന്നത്. കനാലിന്റെ ഇരു വശങ്ങളും കാട് കയറി മൂടിയതിനാൽ രാത്രികാലങ്ങളിൽ സാമൂഹിക വിരുദ്ധർ പ്രദേശം താവളമാക്കുന്നുണ്ട്. കനാലിന്റെ ഇരു കരയിലെയും സ്ഥലങ്ങൾ എം.വി.ഐ.പിയുടേതാണ്. ഇക്കാരണത്താൽ തന്നെ പ്രദേശവാസികളാരും കാട് വെട്ടിത്തെളിക്കാറില്ല. വെള്ളം തുറന്നുവിടുന്നതിന് മുന്നോടിയായി കനാലിലെ കാടുകളും മാലിന്യങ്ങളും എം.വി.ഐ.പിയുടെ നേതൃത്വത്തിൽ നീക്കം ചെയ്തിരുന്നു. എന്നാൽ ഇത്തവണ ഇതുവരെ അതുണ്ടാകാത്തതാണ് പ്രതിഷേധത്തിനിടയാക്കുന്നത്. കാടുകൾ മുഴുവൻ വെട്ടിമാറ്റി കനാൽ ഭാഗം ശുചീകരിച്ച ശേഷം മാത്രമേ വെള്ളം ഒഴുക്കാവൂ എന്നാണ് പ്രദേശവാസികളുടെ ആവശ്യം.

ഗുരുതര ആരോഗ്യ പ്റശ്നം

മണക്കാട് പഞ്ചായത്തിൽ എല്ലാവർഷവും വലിയ തോതിൽ ഹെപ്പറ്റൈറ്റിസ് എയും ബിയും റിപ്പോർട്ട് ചെയ്യാറുണ്ട്. മരണങ്ങളും സംഭവിച്ചിട്ടുണ്ട്. ഇതിന്റെ യഥാർത്ഥ ഉറവിടം വ്യക്തമല്ലെങ്കിലും വ‌ൃത്തിഹീനമായ കനാൽ വെള്ളത്തിലൂടെ ഹെപ്പറ്റൈറ്റിസ് എ പകരാൻ സാധ്യതയുണ്ടെന്ന് ആരോഗ്യ വിദഗ്ദ്ധർ പറയുന്നു. കനാലിലെ കെട്ടികിടക്കുന്ന മലിനജലം കൊതുകുകളുടെ പ്രജനനകേന്ദ്രവുമാണ്. ഇവിടെ നിന്ന് ഡെങ്കിയുൾപ്പെടെയുള്ള രോഗങ്ങളും പടർന്ന് പിടിക്കാം.

വൃത്തിയാക്കി തുടങ്ങിയെന്ന്

കനാൽ വൃത്തിയാക്കുന്ന നടപടി ആരംഭിച്ചെന്ന് എം.വി.ഐ.പി അധികൃതർ പറയുന്നു. ഇടതുകര കനാലിൽ നടുക്കണ്ടം വരെ മുട്ടം സബ്ഡിവിഷന് കീഴിലും നെടിയശാല മുതൽ രാമമംഗലം വരെ രാമമംഗലം സബ് ഡിവിഷന്റെ കീഴിലുമാണ്. ഇതിൽ തൊടുപുഴ നഗരസഭ ഭാഗത്തും കരിങ്കുന്നം പഞ്ചായത്ത് ഭാഗത്തും കനാൽ വൃത്തിയാക്കുന്ന ജോലി ആരംഭിച്ചതായി മുട്ടം എ.എക്സ്.ഇ സിജി എം.കെ പറഞ്ഞു. രാമമംഗലം സബ്ഡിവിഷന് കീഴിൽ പണ്ടപ്പിള്ളിയിലും ശുചീകരണ ജോലികൾ ആരംഭിച്ചിട്ടുണ്ടെന്ന് ഇവിടത്തെ എ.എക്സ്.ഇ അബ്ദുൾ ലത്തീഫ് പറയുന്നു. കാടുവെട്ടിതെളിക്കുന്നതിനൊപ്പം മാലിന്യം നീക്കുന്ന ജോലികളുമാണ് പുരോഗമിക്കുന്നത്. ഫണ്ടില്ലാത്തതിനാൽ തൊഴിലുറപ്പ് പണിക്കാർ ജോലി ഏറ്റെടുക്കാത്തതാണ് ശുചീകരണം ആരംഭിക്കാൻ വൈകിയത്. കരാറുകാരാണ് ഇപ്പോൾ പണി ചെയ്യുന്നത്. കനാലിലൂടെ വെള്ളം തുറന്ന് വിടുന്നതിന് മുമ്പ് കനാൽ പൂർണമായും വൃത്തിയാക്കുമെന്ന് ഇവർ പറയുന്നു.