 
ഇടുക്കി : കൊവിഡിന്റെ പാശ്ചാത്തലത്തിൽ സാധാരണക്കാരന്റെ ജീവിതം കരുപ്പിടിപ്പിക്കാൻ ബാങ്കുകളുടെ സഹകരണം ഉണ്ടാകണമെന്ന് ജില്ലാ തല ബാങ്കിംഗ് അവലോകന സമിതി യോഗം ഉദ്ഘാടനം ചെയ്തു ഡീൻ കുര്യക്കോസ് എംപി നിർദ്ദേശിച്ചു.ജില്ലയുടെ പ്രത്യേകത പരിഗണിച്ചു ബാങ്ക് സേവനം ലഭിക്കാത്തിടത്ത് ശാഖയോ എടിഎം സെന്ററോ സ്ഥാപിക്കണം. സർക്കാരിന്റെ വിവിധ പദ്ധതികളുടെ നടത്തിപ്പും പുരോഗതിയും യോഗത്തിൽ ചർച്ച ചെയ്തു. യോഗത്തിന് എഡിഎം ആന്റണി സ്‌കറിയ അദ്ധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ ലോണുമായി ബന്ധപ്പെട്ടുള്ള സംശയ നിവാരണങ്ങൾക്ക് സ്‌കൂളുകളിൽ ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിക്കും. വിവിധ സർക്കാർ പദ്ധതികളുടെ ഭാഗമായി അപേക്ഷിച്ച ലോണുകളിൽ തീരുമാനമാകാതെയുള്ളവയുടെ തടസ്സം നീക്കി അംഗീകരിക്കാൻ കഴിയുന്നവയ്ക്ക് അംഗീകാരം നൽകുകയും ബാക്കിയുള്ളവയുടെ തീരുമാനം ഉടൻ അപേക്ഷകരെ അറിയിക്കാൻ ബാങ്കുകൾ നടപടി സ്വീകരിക്കാനും അവലോകന സമിതിയിൽ തീരുമാനമായി. ജില്ലയുടെ സമഗ്ര വികസനത്തിന്ബാർഡ് തയ്യാറാക്കിയ വായ്പാ സാദ്ധ്യതാ പദ്ധതി രൂപരേഖ ഡീൻ കുര്യക്കോസ് എംപി പ്രകാശനം ചെയ്തു. എഡിഎം ആദ്യപ്രതി ഏററുവാങ്ങി. കാർഷികം, എം എസ് എം ഇ, പാർപ്പിടം, വിദ്യാഭ്യാസം എന്നീ മുൻഗണനാ മേഖലകൾക്ക് 8400.30 കോടി രൂപയുടെ വായ്പാ പദ്ധതിയാണ് നബാർഡ് വിഭാവനം ചെയ്യുന്നതെന്ന് എജിഎം അശോക് കുമാർ നായർ അറിയിച്ചു. യോഗത്തിൽ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ അസിസ്റ്റന്റ് ജനറൽ മാനേജറും റീജിയണൽ ഹെഡുമായ ജയദേവ് നായർ മുഖ്യാതിഥി ആയിരുന്നു. ലീഡ് ബാങ്ക് ജില്ലാ മാനേജർ രാജഗോപാലൻ ജി, ആർബിഐ എൽ.ഡി.ഒ വിവി വിശാഖ്, നബാർഡ് ഡി.ഡി.എം അശോക് കുമാർ നായർ, ആർ.എസ്.ഇ.ടി.ഐ ഡയറക്ടർ ടി മുരളീധരൻ, വിവിധ വകുപ്പ്തല നിർവഹണ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.