മൂന്നാർ: മൂന്നാറിന്റെ വികസനം ലക്ഷ്യമിട്ട് ഫ്‌ളൈ ഓവറുമായി ബന്ധപ്പെട്ട തുടർ ജോലികൾക്കായി കിഫ്ബി പ്രതിനിധികൾ ഉൾപ്പെടെയുള്ള സംഘം മൂന്നാറിൽ പരിശോധന നടത്തി.
നിർമ്മാണം പൂർത്തീകരിക്കപ്പെടുമ്പോൾ മൂന്നാറിന്റെ മുഖച്ഛായ തന്നെ മാറുമെന്ന പ്രതീക്ഷയാണുള്ളത്. സഞ്ചാരികളുടെ വർദ്ധനവിൽ മൂന്നാർ ടൗണിലെ ഗതാഗത കുരുക്ക് ഏറുകയാണ്. ഫ്‌ളൈ ഓവർ വരുന്നതോടെ മൂന്നാറിന്റെ ഗതാഗതപ്രശ്‌നത്തിന് ശാശ്വത പരിഹാരമാകും എന്നാണ് പ്രതീക്ഷിക്കുന്നത്.ആയിരക്കണക്കിന് വാഹനങ്ങൾ ദിനംപ്രതി കടന്നു പോകുന്ന മൂന്നാർ ടൗണിൽ ഫ്‌ളൈ ഓവർ നിർമ്മിക്കണമെന്ന നാളുകളായുള്ള ആവശ്യങ്ങൾക്കൊടുവിലാണ് കിഫ്ബി വഴി സർക്കാർ യാഥാർത്ഥ്യമാക്കുന്നത്.
ഫ്‌ളൈ ഓവർ നിർമ്മാണവുമായി ബന്ധപ്പെട്ട പ്രാരംഭ ജോലികൾ സർക്കാർ തലത്തിൽ പുരോഗമിക്കുന്നു. ഇതിന്റെ ഭാഗമായി ഫ്‌ളൈ ഓവറുകളുടെ അലൈൻമെന്റടക്കമുള്ള കാര്യങ്ങളിൽ കൂടുതൽ വ്യക്തത വരുത്തുന്നതിനായി കിഫ്ബി പ്രതിനിധികൾ ഉൾപ്പെട്ട സംഘം മൂന്നാർ ടൗണിലും പരിസരപ്രദേശങ്ങളിലും സന്ദർശനം നടത്തി. അസി. എക്സിക്യൂട്ടീവ് എഞ്ചിനിയർ സൂസൻ സാറാ സാമുവൽ, സി.എം.ഡി കൺസൾട്ടന്റ് ഹരി വിജി, സിഎംഡി എഞ്ചിനിയർ വിപിൻ സി, കിഫ്ബി കൺസൾട്ടന്റ് ഹരി എസ് പിള്ള എന്നിവരുൾപ്പെട്ട സംഘമാണ് മൂന്നാറിലെത്തിയത്.എസ് രാജേന്ദ്രൻ എംഎൽഎ ഒപ്പമുണ്ടായിരുന്നു.
മൂന്നാർ ടൗണിലും മാട്ടുപ്പെട്ടി റോഡിലുമുൾപ്പെടെ വിവിധ ഇടങ്ങളിലെത്തി സംഘം പരിശോധന നടത്തി.രണ്ട് റീച്ചുകളായി ഏകദേശം 600 മീറ്ററോളം നീളം വരുന്ന ഫ്‌ളൈഓവറുകളാണ് മൂന്നാറിൽ നിർമിക്കുവാൻ ലക്ഷ്യമിട്ടിട്ടുള്ളത്. മറയൂർ, മാട്ടുപ്പെട്ടി തുടങ്ങിയ മേഖലകളിലേക്കുള്ള യാത്ര സുഗമമാക്കും വിധമാണ് രണ്ട് ഫ്‌ളൈഓവറുകളുടെ ദിശ ക്രമീകരിച്ചിരിക്കുന്നത്.
63 കോടി
വകയിരുത്തി
ഫ്ളൈ ഓവറിനായുള്ള നിർമ്മാണത്തുക അനുവദിക്കപ്പെട്ടിട്ടുണ്ടെന്നും ടെൻഡർ നടപടികൾ പൂർത്തീകരിക്കുന്നതിന് മുമ്പുള്ള പരിശോധനയാണ് ഇന്നലെ നടന്നതെന്നും എസ് രാജേന്ദ്രൻ എംഎൽഎ പറഞ്ഞു. 63 കോടി രൂപയോളം ഫ്‌ളൈ ഓവറിനായി വകയിരുത്തിയിട്ടുണ്ടെന്നും ഈ സർക്കാരിന്റെ കാലത്തു തന്നെ നിർമ്മാണ ജോലികൾ ആരംഭിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും എംഎൽഎ വ്യക്തമാക്കി.