തൊടുപുഴ: നെഹ്രു യുവ കേന്ദ്ര നൽകുന്ന മികച്ച സന്നദ്ധ സംഘടനയ്ക്കുള്ള അവർഡിനായി ഇടവെട്ടി പ്രണവം ക്ലബ്ബിനെ തിരഞ്ഞെടുത്തു.ആരോഗ്യം, ശുചിത്വം, പരിസ്ഥിതി സംരക്ഷണം, സാക്ഷരത, തൊഴിൽ പരിശീലനം, സാമൂഹിക ബോധവൽക്കരണം, കലാ കായിക സാംസ്‌കാരിക പരിപാടികൾ തുടങ്ങിയവയിൽ സംഘടിപ്പിച്ച മികച്ച പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് അവാർഡിനായി പരിഗണിച്ചത്. അഡിഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ആന്റണി സ്‌കറിയയുടെ അദ്ധ്യക്ഷതയിൽ ചേർന്ന അവാർഡ് നിർണയ സമിതിയാണ് മികച്ച സംഘടനയെ തിരഞ്ഞെടുത്തത്.

തിരഞ്ഞെടുക്കപ്പെട്ട മികച്ച സംഘടനയ്ക്ക് ഇടുക്കി ജില്ലാ നെഹ്‌റു യുവ കേന്ദ്രയുടെ 25000 രൂപയുടെ ക്യാഷ് അവാർഡും പ്രശസ്തി പത്രവും ഫലകവും 2021 ജനുവരി 12ന് വിതരണം ചെയ്യുമെന്ന് ജില്ലാ യൂത്ത് ഓഫീസർ കെ. ഹരിലാൽ അറിയിച്ചു.

കളക്ടറേറ്റിൽ ചേർന്ന യോഗത്തിൽ എഡിഎം ആന്റണി സ്‌കറിയ അദ്ധ്യക്ഷത വഹിച്ചു. ജില്ല യൂത്ത് ഓഫീസർ കെ. ഹരിലാൽ, ഇടുക്കി എൻജിനീയറിങ് കോളേജ് ലക്ച്ചർ ഇന്ദുജ എസ്, സോണി ചോളമറ്റം തുടങ്ങിയവർ പങ്കെടുത്തു.