ഉടുമ്പന്നൂർ: പള്ളിക്കൽ- കോട്ട- മിഷൻകുന്ന് റോഡിൽ ചാക്കിൽകെട്ടി അറവുമാലിന്യം തള്ളി. കഴിഞ്ഞ ദിവസമാണ് കോട്ട റോഡിൽ നിന്ന് മിഷൻകുന്നിലേക്കു പോകുന്ന ഭാഗത്ത് ചാക്കിൽകെട്ടിയ അറവുമാലിന്യം വാഹനത്തിൽ കൊണ്ടുവന്ന് തള്ളിയത്. ദുർഗന്ധംമൂലം ഈ ഭാഗത്തുകൂടി വഴിനടക്കാനാകാത്ത സാഹചര്യമാണുള്ളത്. തെരുവുനായ്ക്കൾ ചാക്ക് കടിച്ചുകീറി റോഡിലേക്ക് വീണപ്പോഴാണ് അറവുമാലിന്യമാണെന്ന് നാട്ടുകാർക്ക് ബോദ്ധ്യമായത്. വീടുകളിലെ മാലിന്യവും ഇവിടെ കൊണ്ടുവന്ന് തള്ളുന്നത് പതിവാണ്. ആൾ സഞ്ചാരം കുറഞ്ഞ റോഡായതിനാൽ ഇതു മുതലെടുത്താണ് ഇവിടെ മാലിന്യ നിക്ഷേപം നടത്തുന്നത്. സമീപത്തെ തോട്ടിലും പതിവായി മാലിന്യം കൊണ്ടുവന്ന് തള്ളുന്നതായി നാട്ടുകാർ ആരോപിച്ചു. ഈ ഭാഗത്ത് മദ്യപശല്യവും വർദ്ധിച്ചുവരികയാണ്. മദ്യപിച്ച ശേഷം റോഡിലേക്കും സമീപത്തെ പുരയിടങ്ങളിലേക്കും ഒഴിഞ്ഞ മദ്യക്കുപ്പികൾ വലിച്ചെറിയുന്നതും മദ്യപിച്ച് ലക്കുകെട്ട് റോഡിൽ കിടക്കുന്നതും പതിവ് കാഴ്ചയാണ്. കഞ്ചാവ് മാഫിയയും പ്രദേശത്ത് പിടിമുറുക്കുകയാണ്. ആൾസഞ്ചാരം കുറഞ്ഞ റോഡുകളും വിജനപ്രദേശങ്ങളുമാണ് ഇവരുടെ താവളം. സാമൂഹ്യവിരുദ്ധശല്യം രൂക്ഷമായതോടെ സ്ത്രീകൾ ഉൾപ്പെടെയുള്ളവർ ഭയപ്പാടോടെയാണ് ഇതുവഴി സഞ്ചരിക്കുന്നത്. മാലിന്യം റോഡിൽ തള്ളിയവർക്കെതിരെ നടപടി സ്വീകരിക്കാൻ അധികൃതർ തയ്യാറാകണമെന്നും പൊലീസ് പട്രോളിംഗ് പ്രദേശത്ത് ശക്തമാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.