തൊടുപുഴ: കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിൽ സ്വകാര്യ വാഹനം കയറ്റിയതിനേച്ചൊല്ലിയുണ്ടായ സംഘർഷത്തിൽ വാഹനത്തിൽ എത്തിയവരും രണ്ട് കെ.എസ്.ആർ.ടി.സി. ജീവനക്കാരും ആശുപത്രിയിൽ. സംഘർഷം അറിഞ്ഞെത്തിയ പൊലീസുകാരോട് കെ.എസ്.ആർ.ടി.സി. ജീവനക്കാർ തട്ടിക്കയറിയതായി ആരോപണം. ചൊവ്വാഴ്ച വൈകിട്ട് ആറോടെ കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിന് മുമ്പിലാണ് സംഭവം. കരിങ്കുന്നം സ്വദേശികളായ രണ്ട് പേർ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലേക്ക് മിനിവാൻ റിവേഴ്‌സെടുത്ത് കയറ്റുകയായിരുന്നു. സെക്യൂരിറ്റി ജീവനക്കാരൻ ഇത് ചോദ്യം ചെയ്തതോടെ വാക്കേറ്റമായി. അപ്പോൾ കൂടുതൽ കെ.എസ്.ആർ.ടി.സി. ജീവനക്കാർ അവിടേക്കെത്തി. തുടർന്ന് തർക്കം മൂർച്ചിച്ച് കയ്യാങ്കളിയിൽ എത്തുകയയിരുന്നു. സംഭവം അറിഞ്ഞ് തൊടുപുഴ എസ്.ഐ. ബൈജുവിന്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി. സംഘർഷം ലഘൂകരിക്കാൻ ശ്രമിക്കുന്നതിനിടെയാണ് കെ.എസ്.ആർ.ടി.സി. ജീവനക്കാരും പൊലീസും തമ്മിൽ തർക്കമുണ്ടായത്. പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചത് ജീവനക്കാർ ചോദ്യം ചെയ്യുകയയിരുന്നുവെന്ന് പൊലീസ് പറയുന്നു.