തൊടുപുഴ: സിനിമ ചിത്രീകരണത്തിന്റെ നിറക്കൂട്ട് തൊടുപുഴയിലേക്കും സമീപ പ്രദേശങ്ങളിലേക്കും വീണ്ടും പെയ്തിറങ്ങുകയാണ്. സിനിമക്കാരുടെ ഭാഗ്യലൊക്കേഷനായി മാറിയ ഇവിടേയ്ക്ക് മലയാളത്തിന് പുറമേ തമിഴ്, ഹിന്ദി, തെലുങ്ക് എന്നിങ്ങനെ വിവിധ ഭാഷകളിലെ മെഗാ താരങ്ങൾ ഉൾപ്പടെ മറ്റ് താരങ്ങളും സാങ്കേതിക പ്രവർത്തകരും സിനിമയുടെ വെള്ളി വെളിച്ചവും എത്തിച്ചേരാൻ പ്രധാന കണ്ണിയായി പ്രവർത്തിക്കുന്നത് ഏവരും സ്‌നേഹത്തോടെ ദാസേട്ടൻ എന്ന് വിളിക്കുന്ന ദാസ് തൊടുപുഴ എന്ന കലാകാരനാണ്.കലാ പ്രവർത്തനങ്ങളോട് ഏറെ ചെറുപ്പം മുതൽ ഇഷ്ടം തോന്നിയ ദാസ് തൊടുപുഴ ഏഴാമത്തെ വയസിൽ നാടകത്തിൽ അഭിനയിച്ച് തന്റെ കർമ്മ മേഖലയിലേയ്ക്ക് കാലെടുത്ത് വച്ചു.സ്‌കൂൾ പഠനം കഴിഞ്ഞതോടെ അമച്ച്വർ നാടകങ്ങൾ,റേഡിയോ നാടകങ്ങൾ എന്നിവയ്ക്ക് രചനയും സംവിധാനവും നിർവ്വഹിച്ച് അതിൽ അഭിനയിച്ച് ശ്രദ്ധ നേടി.ഇവയിൽ മിക്കതും സംസ്ഥാന അവാർഡുകളും നേടി.കൂടാതെ ചില തിരക്കഥകളും എഴുതിയിട്ടുണ്ട്.നാടക അഭിനയത്തിന് നിരവധി അവാർഡുകൾ തേടിവന്നതോടെ സിനിമ അഭിനയം മോഹമായി വളർന്നു.ഇതേ തുടർന്ന് കുറേ സിനിമകളിലായി ചെറുതും വലുതുമായ അനേകം കഥാപാത്രങ്ങൾ തേടിയെത്തി.
ജീവിതം മാറി മറിയുന്നു .....
രസതന്ത്രം എന്ന സിനിമയിൽ അഭിനയിക്കാൻ എത്തിയ ദാസ് തൊടുപുഴ സംവിധായകൻ സത്യൻ അന്തിക്കാടിന് മനസ്സിൽ കണ്ട ഒരു ലൊക്കേഷൻ ശരിയാക്കി നൽകിയതോടെ ദാസിന്റെ ജീവിതം മാറി മറിയുകയായിരുന്നു. സിനിമയുടെ ചിത്രീകരണം അവസാനിക്കുന്നതിന് മുമ്പ് മാക്ടയിൽ നിന്ന് പ്രൊഡക്ഷൻ മാനേജരുടെ കാർഡ് സത്യൻ അന്തിക്കാട് ദാസിന്റെ കൈകളിൽ എത്തിച്ചു. ഇതോടെ പുതിയൊരു മേൽവിലാസവും സിനിമയിൽ അണിയറ പ്രവർത്തനങ്ങൾക്ക് അംഗീകാരവുമായി.പിന്നീട് നൂറ്റമ്പതോളം സിനിമകൾ ദാസിലൂടെ തൊടുപുഴയിലേക്ക് വന്നു. ആരെയും മോഹിപ്പിക്കുന്ന ലൊക്കേഷനുകളുള്ള തൊടുപുഴയിൽ മറ്റ് സ്ഥലങ്ങളേക്കാൾ കുറഞ്ഞ മുതൽ മുടക്കിൽ സിനിമ ചിത്രീകരിക്കാൻ കഴിയുമെന്ന് ദാസിലൂടെ സിനിമ പ്രവർത്തകർ അറിഞ്ഞതോടെ ദാസും തൊടുപുഴയും മലയാള സിനിമയുടെ ചരിത്രത്തിൽ ഇടം നേടി.സംവിധായകർ മനസ്സിൽ കാണുന്ന ലൊക്കേഷൻ ഏറ്റവും കുറഞ്ഞ സമയത്തിൽ ദാസിന് കണ്ടെത്താൻ കഴിയുന്നുണ്ട്.കൂടാതെ മറ്റ് സ്ഥലങ്ങളേക്കാൾ ചിലവ് കുറച്ച് സിനിമക്ക് അനുയോജ്യമായ വീടുകളും മറ്റ് സ്ഥലങ്ങളും ജൂനിയർ ആർട്ടിസ്റ്റുകളേയും ലഭ്യമാക്കി സിനിമയുടെ ചിലവ് ഗണ്യമായി കുറയ്ക്കാൻ ദാസ് ഇടപെടലുകൾ നടത്തുന്നതും സിനിമകൾ തൊടുപുഴയിലേക്ക് എത്താൻ കാരണമാണ്. കലാ സാംസ്‌ക്കാരിക രാഷ്ട്രീയ രംഗത്തുള്ളവരുടേയും സർക്കാർ ഉദ്യോഗസ്ഥരുടേയും വിസ്മയായിലെ 350 ൽപ്പരം അംഗങ്ങളുടേയും സഹകരണം കൊണ്ടാണ് തൊടുപുഴയെ ഭാഗ്യ ലൊക്കേഷനാക്കി മാറ്റാൻ കഴിഞ്ഞതെന്ന് ദാസ് പറയുന്നു.ഒരു ഘട്ടത്തിൽ ജീവിതം വഴിമുട്ടി പകച്ച് നിന്നപ്പോൾ സിനിമയാണ് കൈപിടിച്ച് നടത്തിച്ചത്. സ്വപ്നത്തിൽ പോലും ആഗ്രഹിക്കാൻ കഴിയാത്തതാണ് സിനിമയിലൂടെ ലഭിച്ചതെന്നും ദാസ് വിനയത്തോടെ പറയുന്നു.
ഒന്നര പതിറ്റാണ്ടിന്റെ
ആഘോഷം
ദാസ് തൊടുപുഴ സിനിമയിൽ 15 വർഷം പൂർത്തീകരിച്ചതിന്റെ ആഘോഷം കഴിഞ്ഞ ദിവസം തൊടുപുഴയിൽ 'പീസ് ' സിനിമയുടെ ലൊക്കേഷനിൽ സംഘടിപ്പിച്ചു. സംവിധായകൻ സൻഫീർ കെ നായിക ആശാ ശരത്ത് മറ്റ് സാങ്കേതിക പ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിൽ ദാസിന് മെമന്റോ നൽകി ആദരിച്ച് ഏവർക്കും മധുരം നൽകി.
കുടുംബം
നടിയും നർത്തകിയും ഗായികയുമായ രാജാ ദാസാണ് ഭാര്യ.മകൻ:സംവിധായകനും ക്യാമറാമാനുമായ അഖിൽ ദാസ്.മരുമകൾ: സിന്ധു അഖിൽ ദാസ്.