anil

ചുരുങ്ങിയ കാലത്തിനുള്ളിൽ ഹൃദയത്തിലിടം നേടിയ പ്രിയനടൻ അനിൽ പി. നെടുമങ്ങാടിന്റെ വിയോഗം നേരിൽ കാണേണ്ടി വന്നതിന്റെ ആഘാതത്തിൽ നിന്ന് ഇനിയും മോചിതനായിട്ടില്ല. മലയാള സിനിമ തിരിച്ചറിയാൻ വൈകിയ പ്രതിഭ,​ കണ്ടു കൊതിതീരും മുൻപേ ആഴങ്ങളിൽ മറഞ്ഞു പോയെന്ന് വിശ്വസിക്കാനാവുന്നില്ല. മലയാള സിനിമയുടെ ഭാഗ്യലൊക്കേഷനെന്ന് പേരുകേട്ട തൊടുപുഴ ഈ ദുരന്തത്തിന് സാക്ഷ്യം വഹിക്കുമെന്നും കരുതിയില്ല. നവാഗതനായ സൻഫീർ കെ. സംവിധാനം ചെയ്യുന്ന 'പീസ് ' എന്ന ചിത്രത്തിൽ അഭിനയിക്കുന്നതിനായിരുന്നു അനിൽ തൊടുപുഴയിലെത്തിയത്. ജോജു ജോർജ് നായകനാകുന്ന ചിത്രത്തിൽ എസ്.ഐ ഡിക്‌സൺ എന്ന മുഴുനീള പൊലീസ് വേഷമായിരുന്നു അനിലിന്. 24, 25 തീയതികളിൽ അനിലിന് ഷൂട്ടിംഗില്ലായിരുന്നു. തുടർന്ന് തിരുവനന്തപുരത്തും കൊട്ടാക്കരയുമുള്ള സുഹൃത്തുക്കളായ കാമറാമാൻ വിനോദ് വിക്രമും പൊതുപ്രവർത്തകൻ അരുണും പാലായിലെത്തിയതറിഞ്ഞ് അനിൽ തൊടുപുഴയ്ക്ക് വിളിച്ചുവരുത്തുകയായിരുന്നു. വെള്ളിയാഴ്ച വൈകിട്ട് തൊടുപുഴയിലെ മൂൺലിറ്റ് ഹോട്ടലിലെത്തിയ ഇവർക്കൊപ്പം ക്രിസ്മസ് ആഘോഷിക്കാൻ അനിൽ മലങ്കരയിലേക്ക് തിരിച്ചു. 2017ൽ മമ്മൂട്ടിയുടെ 'പരോൾ" എന്ന സിനിമയുടെ ഷൂട്ടിംഗ് മലങ്കരയിലുണ്ടായിരുന്നു. അന്ന് ഇതേ ജലാശയത്തിൽ കുളിച്ച ഓർമയിലാണ് അനിൽ സുഹൃത്തുക്കളെയും കൂട്ടി ഇവിടെയെത്തിയത്. നാലരയോടെ തൊടുപുഴയിൽ നിന്ന് എട്ട് കിലോമീറ്റർ അകലെയുള്ള മലങ്കര ടൂറിസം ഹബിലെത്തിയ ഇവർ സമീപത്തെ ഒരു ചെറിയ കടവിൽ കുളിക്കാൻ തീരുമാനിക്കുകയായിരുന്നു. അരുണും അനിലും മാത്രമാണ് വെള്ളത്തിലിറങ്ങിയത്. പലവട്ടം ജലാശയത്തിന്റെ നടുവിലേക്ക് നീന്താൻ ശ്രമിച്ച അനിലിനെ തങ്ങൾ തടഞ്ഞിരുന്നെന്ന് വിനോദ് പറയുന്നു. ഫോണിൽ ചിത്രങ്ങളൊക്കെയെടുത്ത ശേഷം അരുൺ വസ്ത്രം മാറാനായി കാർ പാർക്ക് ചെയ്തിരുന്ന സ്ഥലത്തേക്ക് പോയി. ഈ സമയം ഒന്ന് തല നനച്ചിട്ട് വരാമെന്ന് വിനോദിനോട് പറഞ്ഞ് അനിൽ വീണ്ടും വെള്ളത്തിലേക്ക് ഇറങ്ങുകയായിരുന്നു. എന്നാൽ കാൽ ചെളിയിൽ പൂണ്ട് നിലതെറ്റി അനിൽ കയത്തിലകപ്പെട്ടു. ഉടൻ തന്നെ വിനോദും അരുണും ബഹളം വച്ചതിനെ തുടർന്ന് സമീപത്തെ ഡാം ഔട്ട്‌പോസ്റ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന സിവിൽ പൊലീസ് ആഫീസർ പി. ഹരികൃഷ്ണൻ ജലാശയത്തിലിറങ്ങി തപ്പിയെങ്കിലും കണ്ടെത്താനായില്ല. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് മലങ്കര സ്വദേശിയായ ഷിനാജ് മിനിട്ടുകൾക്കകം സ്ഥലത്തെത്തി വെള്ളത്തിൽ നിന്ന് അനിലിനെ പുറത്തെടുത്തു. അനിലിന്റെ വാഹനത്തിൽ തന്നെ സുഹൃത്തുക്കളും പൊലീസുകാരനും ചേർന്ന് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അനിലിന് നന്നായി നീന്തൽ അറിയാമായിരുന്നുവെന്ന് അദ്ദേഹത്തോട് അടുപ്പമുള്ളവർ വ്യക്തമാക്കുന്നു. സുഹൃത്തുക്കൾക്ക് നീന്തൽ അറിയാതിരുന്നത് രക്ഷാപ്രവർത്തനം വൈകിപ്പിച്ചു. വൈകി വെള്ളത്തിൽ നിന്ന് കരയ്ക്കെത്തിച്ചു. സി.ഐയടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്ത് ഉണ്ടായിരുന്നെങ്കിലും പ്രഥമ ശുശ്രൂഷ നൽകാൻ ആരും തയ്യാറായില്ല. പകരം എട്ട് കിലോമീറ്റർ അകലെയുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. കാറിൽ പോകുംവഴി അനിൽ തന്റെ കൈയിൽക്കിടന്ന് ഒന്ന് പിടഞ്ഞിരുന്നെന്ന് പൊലീസുകാരനായ പി. ഹരികൃഷ്ണൻ പറഞ്ഞത് ഇതോട് ചേർത്ത് വായിക്കണം.
ഈ അവസരത്തിൽ അനിൽ മരിച്ചതിന് പിന്നാലെ മുങ്ങി മരണങ്ങളെക്കുറിച്ച് ഐക്യരാഷ്ട്രസഭ പരിസ്ഥിതി പദ്ധതിയുടെ ദുരന്ത ലഘൂകരണ വിഭാഗം തലവൻ മുരളി തുമ്മാരുകുടി എഴുതിയ കുറിപ്പ് വളരെ പ്രസക്തമാണ്. കേരളത്തിൽ പ്രകൃതി ദുരന്തങ്ങളിലും മറ്റും മരിക്കുന്നവരേക്കാൾ വളരെയധികമാണ് ഓരോ വർഷവും മുങ്ങി മരിക്കുന്നവരെന്ന് നാഷണൽ ക്രൈം റെക്കാ‌ഡ്സ് ബ്യൂറോയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അദ്ദേഹം പറയുന്നു. ഇരുന്നൂറും മുന്നൂറുമല്ല ആയിരത്തിലധികമാണ് ഒരുവർഷം കേരളത്തിൽ മുങ്ങി മരിക്കുന്നവരുടെ എണ്ണം. ഉദാഹരണത്തിന് 2019ൽ കേരളത്തിൽ 1452 സംഭവങ്ങളിലായി 1490 പേരാണ് മുങ്ങി മരിച്ചത്. 2004 ൽ സുനാമിയിൽ കേരളത്തിൽ ആകെ മരിച്ചത് 174 പേരാണ്. അതായത് ഓരോ രണ്ടു മാസത്തിലും കേരളത്തിൽ ഒരു സുനാമിയുടെ അത്രയും ആളുകൾ മുങ്ങി മരിക്കുന്നുണ്ട്. ഈ നൂറ്റാണ്ടിലെ മഹാപ്രളയത്തിൽ 2018ൽ 480 പേരാണ് മരിച്ചത്. അതായത് ഓരോ നാലു മാസത്തിലും പ്രളയത്തിൽ മരിച്ചതിൽ കൂടുതൽ ആളുകൾ മുങ്ങി മരിക്കുന്നുണ്ട്. മുങ്ങി മരണങ്ങൾ മിക്കവാറും ഒറ്റയ്‌ക്കൊറ്റയ്ക്കായതിനാൽ പ്രാദേശിക വാർത്തകൾക്കപ്പുറം അത് പോകാറില്ല. അതുകൊണ്ട് ഇത്രമാത്രം മരണങ്ങൾ ഉണ്ടാകുന്നത് ശ്രദ്ധയിൽപെടുന്നില്ല. റോഡപകടത്തിന്റെ കാര്യത്തിൽ കേരളത്തിൽ സുരക്ഷയ്ക്ക് കമ്മിറ്റികൾ ഉണ്ട്, ഫണ്ട് ഉണ്ട്, റോഡ് സേഫ്‌റ്റി വകുപ്പുണ്ട്, പ്രോഗ്രാമുകൾ ഉണ്ട്. പക്ഷേ,​ മുങ്ങിമരണത്തിന്റെ കാര്യത്തിൽ ഇതൊന്നുമില്ലെന്ന് മുരളി പറയുന്നു. സംസ്ഥാനത്തിന് ഒരു ജലസുരക്ഷാ പദ്ധതി എത്ര അത്യന്താപേക്ഷിതമാണെന്നതിലേക്കാണ് ഇത് വിരൽചൂണ്ടുന്നത്. നീന്തൽ സ്കൂൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുന്നത് ഇനിയും വൈകിക്കൂട. വെള്ളത്തിൽ വീഴുന്നവർക്ക് പ്രഥമശുശ്രൂഷ നൽകാൻ നമ്മുടെ കുട്ടികളെ പഠിപ്പിക്കണം. അപകടസ്ഥലത്ത് വെറും കാഴ്ചക്കാരായി നിന്ന് ഫോട്ടോയും വീഡിയോയും എടുക്കുന്നവരായി മാത്രം നമ്മുടെ യുവാക്കൾ അധ:പതിക്കരുത്. പൊതുജനം ജലാശയങ്ങളിലെ സുരക്ഷിതമില്ലാത്ത ഇടങ്ങളിൽ ഇറങ്ങാൻ അധികൃതർ അനുവദിക്കരുത്. ഇതിനെല്ലാം സർക്കാർ മുൻകൈയെടുക്കും വരെ മുങ്ങിമരണങ്ങൾക്ക് അവസാനമുണ്ടാകില്ല.