തൊടുപുഴ: പട്ടികവിഭാഗക്കാരുടെയും മലയോര കർഷകരുടെയും കൈവശഭൂമിക്കു പട്ടയം നൽകാനുള്ള സർക്കാർഉത്തരവ് അടിയന്തരമായി നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് ഐക്യ മല അരയ മഹാസഭയുടെ നേതൃത്വത്തിൽ ആരംഭിച്ച പട്ടയ അവകാശ മാർച്ച് കോരുത്തോട് ,കൊക്കയാർ,മ്ലാപ്പാറ ,എരുമേലി വടക്ക് 'എരുമേലിെതെക്ക് എന്നീ വില്ലേജ് ഓഫീസുകൾ കടന്ന് ജില്ലയിലെ അറക്കുളം വില്ലേജിൽ ഇന്ന് എത്തിച്ചേരും.
കൈവശഭൂമിക്ക് പട്ടയം നൽകുക; സർക്കാർ ഉത്തരവ് ഉദ്യോഗസ്ഥർ ഉടൻ നടപ്പാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് വിവിധ വില്ലേജ് ഓഫീസുകളിലേക്ക് മാർച്ച് സംഘടിപ്പിച്ചിരിക്കുന്നത്.ഐക്യ മല അരയ മഹാസഭയുടെ വെള്ളിയാമറ്റം,അറക്കുളം എന്നീ പഞ്ചായത്തുകളിലെ ശാഖകളിൽ നിന്നുള്ള കുടുംബാംഗങ്ങളാണ് മാർച്ചിൽ പങ്കെടുക്കുന്നത്.. രാവിലെ 10ന് കരുതിക്കളത്തു നിന്നും പതിപ്പള്ളിയിൽ നിന്നും ആരംഭിക്കുന്ന മാർച്ച് അശോക കവലയിൽ സംഗമിച്ച് അറക്കുളം വില്ലേജ് ഓഫീസിൽ എത്തും.

പട്ടയം നൽകാൻ സർക്കാർ പുറപ്പെടുവിച്ച ചരിത്ര ഉത്തരവ് ഇറങ്ങി ആറു മാസം കഴിഞ്ഞിട്ടും അറക്കുളം, വെള്ളിയാമറ്റം വില്ലേജുകളിൽ നടപടി സ്വീകരിക്കാൻ ഉദ്യോഗസ്ഥർ തയ്യാറാകുന്നില്ല. ധർണ്ണ സമരത്തിനു ശേഷം പട്ടയ നടപടികൾ വേഗത്തിലാക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള മെമ്മോറാണ്ടവും വില്ലേജ് ഓഫീസർക്ക് സമർപ്പിക്കും.
ധർണ്ണ സമരം സഭാ ജനറൽ സെക്രട്ടറി പി.കെ .സജീവ് ഉദ്ഘാടനംചെയ്യും . സഭാ പ്രസിഡന്റ് സി.ആർ.ദിലീപ് കുമാർ ജില്ലാ സെക്രട്ടറി.എം.കെ.സജി, ,മല അരയ വനിതാ സംഘടന പ്രസിഡന്റ് കരിഷ്മ അജേഷ് കുമാർ , മല അരയ യുവജന സംഘടന ജനറൽ സെക്രട്ടറി പ്രൊഫ. നന്ദകിഷോർ, മീഡിയ കൺവീനർ പ്രൊഫ. വി.ജി.ഹരീഷ് കുമാർ തുടങ്ങിയവർ പ്രസംഗിക്കും
.