കട്ടപ്പന: കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി കേരള കോൺഗ്രസി(ജോസ്) ലെ ജോസുകുട്ടി കണ്ണമുണ്ടയിൽ തെരഞ്ഞെടുക്കപ്പെട്ടു. സി.പി.എമ്മിലെ അന്നമ്മ ജോൺസനാണ് വൈസ് പ്രസിഡന്റ്. ഇരട്ടയാർ ഡിവിഷൻ പ്രതിനിധിയായ ജോസുകുട്ടി, കോൺഗ്രസിലെ പി..നിക്‌സണെ നാലിനെതിരെ ഒൻപത് വോട്ടുകൾക്ക് പരാജയപ്പെടുത്തി. വരണാധികാരിയായ ഇടുക്കി ഡെപ്യൂട്ടി കളക്ടർ എസ്. ബിന്ദു സത്യവാചകം ചൊല്ലിക്കൊടുത്തു. ഇരട്ടയാർ ഡിവിഷനിൽ നിന്നു 693 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജോസുകുട്ടി വിജയിച്ചത്. തുടർന്ന് നടന്ന അനുമോദന യോഗത്തിൽ റോഷി അഗസ്റ്റിൻ എം.എൽ.എ, കേരള കോൺഗ്രസ്(ജോസ്) ജില്ലാ പ്രസിഡന്റ് ജോസ് പാലത്തിനാൽ, സി.പി.എം. കട്ടപ്പന ഏരിയ സെക്രട്ടറി വി.ആർ. സജി, കേരള കോൺഗ്രസ്(ജോസ്) മണ്ഡലം പ്രസിഡന്റ് അഡ്വ. മനോജ് എം.തോമസ് തുടങ്ങിയവർ പങ്കെടുത്തു. ഉച്ചകഴിഞ്ഞ് നടന്ന വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ അന്നമ്മ ജോൺസൺ, കോൺഗ്രസിലെ ഷൈല വിനോദിനെ നാലിനെതിരെ ഒൻപത് വോട്ടുകൾക്ക് തോൽപ്പിച്ചു. മുന്നണി ധാരണപ്രകാരം ആദ്യത്തെ 18 മാസം കേരള കോൺഗ്രസിനും തുടർന്നുള്ള 23മാസം സി.പി.എമ്മിനും അവസാനത്തെ 19 മാസം സി.പി.ഐയ്ക്കുമാണ് പ്രസിഡന്റ് പദവി. വൈസ് പ്രസിഡന്റ് പദവി ആദ്യത്തെ 22 മാസം സി.പി.എമ്മിനാണ്. തുടർന്നുള്ള കാലയളവ് സി.പി.ഐയ്ക്കും ലഭിക്കും.