തൊടുപുഴ: ഇടുക്കി ജില്ലാ പഞ്ചായത്ത് ഭരണം പത്ത് വർഷത്തിന് ശേഷം എൽ.ഡി.എഫിന്. പ്രസിഡന്റായി സി.പി.ഐയിലെ ജിജി കെ. ഫിലിപ്പിനെയും വൈസ് പ്രസിഡന്റായി സി.പി.എമ്മിലെ ഉഷാകുമാരി മോഹൻകുമാറിനെയും തിരഞ്ഞെടുത്തു. ആകെയുള്ള 16ൽ 10 വോട്ടുകൾ നേടിയാണ് പാമ്പാടുംപാറ ഡിവിഷനിൽ നിന്ന് വിജയിച്ച ജിജി കെ. ഫിലിപ്പ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. എതിർ സ്ഥാനാർത്ഥിയായി മത്സരിച്ച യു.ഡി.എഫിലെ പ്രൊഫ. എം.ജെ. ജേക്കബിന് നാല് വോട്ടുകളാണ് ലഭിച്ചത്. യു.ഡി.എഫിലെ ഇന്ദു സുധാകരൻ, ഷൈനി സജി എന്നിവർ ഹാജരാകാനാകാത്തതിലാണ് രണ്ട് വോട്ടുകൾ കുറഞ്ഞത്. രാജാക്കാട് ഡിവിഷനിൽ നിന്നുള്ള ഉഷാകുമാരി മോഹൻകുമാറും 10 വോട്ടുകൾ നേടിയാണ് വൈസ് പ്രസിഡന്റ് പദത്തിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടത്. അടിമാലി ഡിവിഷനിൽ നിന്നുള്ള സോളി ജീസസാണ് യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിച്ചത്. അഞ്ച് വോട്ടുകളാണ് സോളി ജീസസിന് ലഭിച്ചത്. യു.ഡി.എഫിലെ ഇന്ദു സുധാകരൻ ഹാജരായില്ല. ജില്ലാ കളക്ടർ എച്ച്. ദിനേശൻ വാരണാധികാരിയായിരുന്നു.