ചെറുതോണി: ഇടുക്കി ബ്ലോക്ക്പഞ്ചായത്തിലേക്കുള്ള ഭരണസമിതി തിരഞ്ഞെടുപ്പ് കോൺഗ്രസിലെ തർക്കംമൂലം നടന്നില്ല. ഇടുക്കി ബ്ലോക്കിലെ 13 വാർഡുകളിൽ യുഡിഎഫിനു ഏഴും, എൽഡിഎഫിനു ആറും അംഗങ്ങളാണുള്ളത്. ഇന്നലെ 11ന് ഇടുക്കിബ്ലോക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിലാണ് തിരഞ്ഞെടുപ്പിനു നിശ്ചയിച്ചിരുന്നത്. 11.30 വരെ കാത്തിരുന്നിട്ടും യുഡിഎഫ് അംഗങ്ങൾ എത്തിയില്ല.അൻപത് ശതമാനം മെമ്പൻമാർ എത്താതിരുന്നാൽ തിരഞ്ഞെടുപ്പു മാറ്റിവെക്കേണ്ടതുണ്ട്. കോൺഗ്രസിന് അഞ്ചും, കേരളകോൺഗ്രസ് രണ്ടും സീറ്റുകളാണ് ലഭിച്ചത്. ആദ്യടേമിൽ കോൺഗ്രസിലെ ആൻസിതോമസിനെ പ്രസിഡന്റാക്കാനാണ് പാർലമെന്ററിപാർട്ടിയോഗത്തിൽ തീരുമാനിച്ചെങ്കിലും കഞ്ഞിക്കുഴിയിൽ നിന്നുള്ള രാജി ചന്ദ്രനെ ആദ്യടേമിൽ പ്രസിഡന്റാക്കണമെന്ന് ഒരുവിഭാഗം വാദിച്ചത് തർക്കത്തിനിടയാക്കി. കോൺഗ്രസ് പാർലമെന്ററി പാർട്ടിമീറ്റിംഗിൽ നാലുപേർ വിപ്പ് കൈപ്പറ്റിയെങ്കിലും ബിനോയി വർക്കി വിപ്പു കൈപ്പറ്റിയിരുന്നില്ല. ഗതാഗതകുരുക്കുമൂലമാണ് മീറ്റിംഗിലെത്താൻ വൈകിയതെന്നാണ് ബിനോയി വർക്കി വിശദീകരണം നൽകിയത്. ഇന്ന് രാവിലെ 11ന് വീണ്ടും തിരഞ്ഞെടുപ്പിന് നോട്ടീസ്‌നൽകിയിട്ടുണ്ട്. രാവിലെ ഡിസിസി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാറിന്റെ അദ്ധ്യക്ഷതയിൽ പാർലമെന്ററി പാർട്ടിയോഗം ചേർന്ന് തർക്കം പരിഹരിഹാരം കാണാനാണ് തീരുമാനം.