മൂലമറ്റം: പ്രസിഡന്റ് സ്ഥാനാർത്ഥിയുടെ ജാതി സർട്ടിഫിക്കറ്റിനെച്ചൊല്ലി തർക്കം, അറക്കുളം പഞ്ചായത്തിൽ പ്രസിഡന്റിനെ തിരഞ്ഞെടുത്തില്ല. ഇവിടെ പ്രസിഡന്റ് സ്ഥാനം എസ് സി സംവരണമാണ്. 15 അംഗ ഭരണ സമതിയിൽ എൽ ഡി എഫ് ന് 9, യുഡിഎഫിന് 4, ബിജെപി 1, സ്വതന്ത്ര 1 എന്നിങ്ങനെയാണ് കക്ഷി നില. അഞ്ചാം വാർഡിൽ നിന്ന് സി പി എം സ്ഥാനാർത്ഥിയായി വിജയിച്ച പി.എസ് സിന്ധുവിനെയാണ് പ്രസിഡന്റായി എൽ ഡി എഫ് തീരുമാനിച്ചിരുന്നത്. എന്നാൽ സിന്ധുവിന്റെ ജാതി സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് ആരോപിച്ച് കോൺഗ്രസ് അറക്കുളം മണ്ഡലം പ്രസിഡന്റ് ഇമ്മാനുവേൽ ചെറുവള്ളാത്തും, യു.ഡി.എഫി ലെ കെ.എസ് .വിനോദും കളക്ടർ, തിരഞ്ഞെടുപ്പ് കമ്മീഷൻ, ഇടുക്കി തഹസീൽദാർ എന്നിവർക്ക് പരാതി നൽകിയിരുന്നു. സിന്ധു സി എസ് ഐ ക്കാരനായ യുവാവിനെ വിവാഹം കഴിച്ചു പള്ളിയിൽ ചേർന്ന് പട്ടിക വർഗ വിഭാഗമായി മാറിയെന്നുമാണ് പരാതി. ഇതേ തുടർന്ന് വില്ലേജ് ഓഫിസർ നൽകിയ റിപ്പോർട്ടിനെ തുടർന്ന് സിന്ധുവിന്റെ ജാതി സർട്ടിഫിക്കറ്റ് മരവിപ്പിച്ച് നിർത്തി. പരാതിക്കാരെ ഇന്ന് ഇടുക്കി തഹസീൽദാർ എൻക്വയറിക്കായി വിളിച്ചിട്ടുണ്ട്. എൽഡിഎഫ് അംഗങ്ങൾ വിട്ടുനിന്നതിനാൽ പ്രഡിഡന്റ് തിരഞ്ഞെടുപ്പിന് കോറം തികയാത്തിനാൽ തിരഞ്ഞെടുപ്പ് ഇന്നത്തേക്ക് മാറ്റിവയ്ക്കുകയായിരുന്നു. ഇന്ന് നടക്കുന്ന തിരഞ്ഞെടുപ്പിൽ കോറം തികഞ്ഞില്ലെങ്കിലും പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കും.ഉച്ചകഴിഞ്ഞ് 2 മണിക്ക് നടന്ന വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ എൽഡിഎഫ്, ബിജെപി അംഗങ്ങൾ പങ്കെടുത്തു. എന്നാൽ യുഡിഎഫ് അഗങ്ങളും സ്വതന്ത്രയും കമ്മിറ്റിയിൽ ഒപ്പിട്ട് വോട്ടിങ്ങിൽ പങ്കെടുക്കാതെ വിട്ടുനിന്നു. സിപിഐയിലെ ഗീത തുളസീധരൻ വൈസ് പ്രസിഡന്റായി എതിരില്ലാതെ തിരഞ്ഞെടുത്തു.