കട്ടപ്പന: കരുണാപുരം പഞ്ചായത്തിൽ നറുക്കെടുപ്പിലൂടെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങൾ എൽ.ഡി.എഫിന്. സി.പി.എമ്മിലെ വിൻസി വാവച്ചൻ പ്രസിഡന്റും സി.പി.ഐയിലെ കെ.ടി. സാലി വൈസ് പ്രസിഡന്റുമായി തെരഞ്ഞെടുക്കപ്പെട്ടു. 17 അംഗ പഞ്ചായത്തിൽ എൽ.ഡി.എഫിനും യു.ഡി.എഫിനും എട്ടുവീതം സീറ്റുകളാണ്. എൻ.ഡി.എ. അംഗം തെരഞ്ഞെടുപ്പിൽ നിന്നു വിട്ടുനിന്നു. വോട്ടെടുപ്പിൽ ഇരു സ്ഥാനാർത്ഥികളും എട്ടുവീതം വോട്ടുകൾ നേടിയതോടെയാണ് നറുക്കെടുപ്പ് നടത്തിയത്. എൻ.ഡി.എ. സ്വതന്ത്രന്റെ പിന്തുണ കഴിഞ്ഞദിവസം വരെ യു.ഡി.എഫ്. പ്രാദേശിക നേതൃത്വം ഉറപ്പിച്ചിരുന്നു. എന്നാൽ കെ.പി.സി.സിയുടെ നിർദേശപ്രകാരം എൻ.ഡി.എ. പിന്തുണ സ്വീകരിക്കേണ്ടെന്ന് ഡി.സി.സി. ജില്ലാ നേതൃത്വം നിലപാടെടുക്കുകയായിരുന്നു. വിൻസി വാവച്ചൻ, മിനി പ്രിൻസിനെയും കെ.ടി. സാലി, നടരാജപിള്ളയേയുമാണ് തോൽപ്പിച്ചത്.