ഇടുക്കി : ടെന്റുകൾ കെട്ടി നിശാപാർട്ടി നടത്താനുള്ള നീക്കം പൊലീസ് പൊളിച്ചു. സേനാപതി സ്വർഗ്ഗംമേട്ടിലെ പാർട്ടിയിൽ പങ്കെടുക്കാൻ എത്തിയത് യുവതികൾ ഉൾപ്പെടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നാൽപ്പത്തഞ്ചോളം പേർ. ന്യൂ ഇയർ പാർട്ടിയും നടത്താൻ ഉദ്ദേശിച്ചിരുന്നതായി സൂചന. ടെന്റുകൾ നീക്കം ചെയ്ത ഉടുമ്പൻചോല പൊലീസ് പങ്കെടുക്കാനെത്തിയവരെ മടക്കി അയച്ചു. ഇവരിൽ ആരുംതന്നെ ലഹരിവസ്തുക്കൾ ഉപയോഗിച്ചിരുന്നതായി തെളിയിക്കാനായില്ല. എൽദോ എന്നയാളുടെ പേരിലുള്ള 20 ഏക്കറോളം സ്ഥലത്ത് വിവിധ ഭാഗങ്ങളിലായാണ് ടെന്റുകൾ സ്ഥാപിച്ചിരുന്നത്. സ്ഥലമുടമയ്ക്ക് നോട്ടീസ് നൽകി പരിപാടി നിർത്തിവയ്പ്പിച്ചു.

ഒട്ടാത്തിയിൽ നിന്നും നാല് കിലോമീറ്ററോളം ഉള്ളിലായി സ്റ്റേജ്, നാൽപ്പതോളം ടെന്റുകൾ എന്നിവ നിർമ്മിച്ചായിരുന്നു പരിപാടിക്ക് വേദിയൊരുക്കിയത്. രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് ഉടുമ്പൻചോല സി. ഐ ഷൈൻകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും,ഉടുമ്പൻചോല തസീൽദാരുടെ നേതൃത്വത്തിലുള്ള റവന്യു സംഘവും ചൊവ്വാഴ്ച്ച രാത്രി 11 മുതൽ പുലർച്ചെ 2 വരെയാണ് റെയ്ഡ് നടത്തിയത്. മൈക്ക് സെറ്റ് ഉൾപ്പെടെയുള്ള സന്നാഹങ്ങൾ പാർട്ടിക്കായി ഒരുക്കിയിരുന്നു.

ഇൻസ്റ്റാഗ്രാം ഉൾപ്പെടെയുള്ള സമൂഹ മാദ്ധ്യമങ്ങളിലൂടെയാണ് പരിപാടിയലേയ്ക്ക് ആളെ സംഘടിപ്പിച്ചിരുന്നത്. ലഹരിവസ്തുക്കളൊന്നും കണ്ടെടുക്കാനായില്ല. ഉട്ടോപ്യ യുണൈറ്റെഡ് ഫൗണ്ടേഷൻ എന്ന സംഘടനയുടെ ലേബലിൽ 'പരിണാമ' എന്ന ക്‌ളാസിൽ പങ്കെടുക്കുന്നതിന് എന്ന പേരിലാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരെ എത്തിച്ചത്. വീക്ക് ഡേ ടിക്കറ്റിന് 1,500 രൂപയും, വീക്ക് എൻഡ് ടിക്കറ്റിന് 2,000 രൂപയും, ന്യൂഇയർ ടിക്കറ്റിന് 2,500 രൂപയും ആണ് ഫീസ്. എന്നാൽ അധികൃതരുടെ യാതൊരു അനുമതിയും സംഘാടകർ വാങ്ങിയിരുന്നില്ല.