തൊടുപുഴ: മണക്കാട്, കുടയത്തൂർ പഞ്ചായത്തുകളുടെ ഭരണം ഇനി വനിതകളുടെ കൈയിൽ സുരക്ഷിതം. മണക്കാട് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ജനറൽ വിഭാഗത്തിനായിരുന്നെങ്കിലും വനിത കൈയ്യടക്കി. കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിലെ ടിസി ജോബാണ് ഇവിടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. ഭരണ സമിതിയിൽ കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന് പുരുഷ പ്രതിനിധികൾ ഇല്ലാതെ വന്നതോടെയാണ് വനിതയ്ക്ക് പ്രസിഡന്റ് സ്ഥാനം ലഭിക്കുകയായിരുന്നു. കോൺഗ്രസിലെ ഡോ. റോഷ്‌നി ബാബുരാജ് വൈസ് പ്രസിഡന്റായും തിരഞ്ഞെടുക്കപ്പെട്ടു. 13 അംഗ ഭരണ സമിതിയിൽ യു.ഡി.എഫ്- 8, എൽ.ഡി.എഫ്- 4, എൻ.ഡി.എ- 1 എന്നിങ്ങനെയാണ് കക്ഷി നില. എൻ.ഡി.എ അംഗം ജീന അനിൽ രജിസ്റ്ററിൽ ഒപ്പ് വച്ചെങ്കിലും പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പുകളിൽ നിന്ന് വിട്ട് നിന്നു.

യു.ഡി.എഫ് അംഗങ്ങളിൽ പുരുഷന്മാർ ഇല്ലാത്തതിനാലാണ് കുടയത്തൂർ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം വനിതയ്ക്ക് ലഭിച്ചത്. യു.ഡി.എഫിൽ ഒരു സീറ്റ് മാത്രമുള്ള കേരളാ കോൺഗ്രസ് അംഗം ജോസഫ് വിഭാഗത്തിലെ ഉഷ വിജയനാണ് പ്രസിഡന്റ് സ്ഥാനം ലഭിച്ചത്. കേരള കോൺഗ്രസ് വനിതാ വിഭാഗം ജില്ലാ സെക്രട്ടറിയാണ് ഏഴാം വാർഡ് അംഗമായ ഉഷ വിജയൻ. 13 അംഗ ഭരണസമിതിയിൽ കോൺഗ്രസ്- 4, മുസ്ലിം ലീഗ്- 1, കേരള കോൺഗ്രസ് ജോസഫ് വിഭാഗം- 1 എന്നിങ്ങനെയാണ് അംഗങ്ങൾ. കോൺഗ്രസ് ഒരു വർഷത്തേക്കാണ് പ്രസിഡന്റ് സ്ഥാനം ഉഷ വിജയന് നൽകിയിട്ടുള്ളതെന്നാണ് സൂചന. ബി.ജെ.പി അംഗങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. വൈസ് പ്രസിഡന്റായി കോൺഗ്രസിലെ അഞ്ജലീന സിജോയെ തിരഞ്ഞെടുത്തു.