തൊടുപുഴ: ജില്ലയിലെ പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് പൂർത്തിയായപ്പോൾ ഭൂരിഭാഗം പഞ്ചായത്തുകളിലും ഭരണം ഇടതുപക്ഷം നേടി. പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കാതിരുന്ന അറക്കുളമൊഴിച്ചുള്ള 51 ഗ്രാമപഞ്ചായത്തുകളിൽ 30 എണ്ണവും എൽ.ഡി.എഫ് നേടി. യു.ഡി.എഫിന് 20 പഞ്ചായത്തുകൾ ലഭിച്ചു. കാഞ്ചിയാർ പഞ്ചായത്തിൽ എസ്.സി സംവരണ സീറ്റിൽ വിജയിച്ച ഏകയാളായതിനാൽ പ്രസിഡന്റ് പദം ബി. ജെ. പിയ്ക്ക് ലഭിച്ചു. എൽ.ഡി.എഫ് ബഹിഷ്‌കരിച്ചതോടെ ക്വാറം തികയാത്തതിനാലാണ് അറക്കുളം പഞ്ചായത്തിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് മാറ്റിവെച്ചത്. ഇവിടെ വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടന്നു. രണ്ട് പതിറ്റാണ്ടായി എൽ.ഡി.എഫ് ഭരിക്കുന്ന ചിന്നക്കനാൽ പഞ്ചായത്തിൽ സി.പി.ഐയുമായുള്ള ഭിന്നതയെ തുടർന്ന് സി.പി.എം അംഗം വിട്ടുനിന്നതോടെഭരണം നറുക്കെടുപ്പിലൂടെ കോൺഗ്രസിന് ലഭിച്ചു. ചിന്നക്കനാൽ, വാഴത്തോപ്പ്, കരുണാപുരം പഞ്ചായത്തുകളിൽ നറുക്കെടുപ്പിലൂടെയാണ് പ്രസിഡന്റിനെ തിരഞ്ഞെടുത്തത്. കരുണാപുരം പഞ്ചായത്തിൽ ബി.ഡി.ജെ.എസ് അംഗം വിട്ടുനിന്നതോടെ തുല്യം വോട്ടായതോടെയാണ് നറുക്കെടുപ്പ് വേണ്ടിവന്നത്. ചിന്നക്കനാലിൽ വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടന്നില്ല. എൽ.ഡി.എഫിന് ഭരണം ലഭിച്ച വെള്ളിയാമറ്റത്ത് വൺ ഇന്ത്യ വൻ പെൻഷൻ (ഒ.ഐ.ഒ.പി) അംഗത്തെയാണ് പ്രസിഡന്റ് ആക്കിയിരിക്കുന്നത്.

ഏഴിൽ നാലും എൽ.ഡി.എഫ്
എട്ട് ബ്ലോക്ക് പഞ്ചായത്തുകളിൽ ഏഴിടത്താണ് തിരഞ്ഞെടുപ്പ് നടന്നത്. യു.ഡി.എഫ് അംഗങ്ങൾ വിട്ടുനിന്നതിനാൽ ഇടുക്കി ബ്ലോക്കിൽ തിരഞ്ഞെടുപ്പ് നടന്നില്ല. ബാക്കി നെടുങ്കണ്ടം, ദേവികുളം, കട്ടപ്പന, അഴുത ബ്ലോക്കുകൾ എൽ.ഡി.എഫ് നേടി. തൊടുപുഴ, ഇളംദേശം, അടിമാലി ബ്ലോക്കുകൾ യു.ഡി.എഫ് നേടി.