തൊടുപുഴ: വൺ ഇന്ത്യ വൺ പെൻഷൻ സംഘടനയുടെ ലേബലിൽ വിജയിച്ച പഞ്ചായത്തംഗം എൽഡിഎഫ് പിന്തുണയോടെ വെള്ളിയാമറ്റം പഞ്ചായത്ത് പ്രസിഡന്റായി.15 അംഗ ഭരണ സമിതിയിൽ യുഡിഎഫിന് 7, എൽ ഡി എഫിന് 6, സ്വതന്ത്ര 1, വൺ ഇന്ത്യ വൺ പെൻഷൻ സംഘടനക്ക് 1 എന്നിങ്ങനെയാണ് ഇവിടെ കക്ഷി നില. 7 അംഗങ്ങളുള്ള യു ഡി എഫിനാണ് ഭരണം എന്ന് ഉറപ്പിച്ചിരുന്നെങ്കിലും തന്ത്രപരമായ നീക്കത്തിലൂടെ എൽ ഡി എഫ് ഭരണം പിടിച്ചെടുക്കുകയായിരുന്നു.വൺ ഇന്ത്യ വൺ പെൻഷൻ അംഗമായ ഇന്ദു ബിജുവും ബി ജെ പി റിബലായി നിന്ന് സ്വതന്ത്രയായി വിജയിച്ച രാജു കുട്ടപ്പനും എൽ ഡി എഫ് ന് പിന്തുണ നൽകിയതോടെയാണ് ഭരണം എൽ ഡി എഫ് പിടിച്ചെടുത്തത് . പ്രസിഡന്റു സ്ഥാനം ആദ്യ രണ്ടു വർഷം ഇന്ദു ബിജുവിനും തുടർന്നുള്ള രണ്ടു വർഷം രാജു കുട്ടപ്പനും അവസാന വർഷം എൽഡിഎഫ് അംഗത്തിനും നൽകാമെന്നാണ് വ്യവസ്ഥ. ഇന്ദു ബിജുവിന് ആദ്യ രണ്ടു വർഷം പ്രസിഡന്റു സ്ഥാനത്തിനു പുറമെ മൂന്നു വർഷം വൈസ് പ്രസിഡന്റ് സ്ഥാനം നൽകാമെന്നും വാഗ്ദാനമുെണ്ടെന്ന് പറയുന്നു.