തൊടുപുഴ: 'പ്രതിരോധം ഉയർത്താം, ഒന്നിച്ച് ഉയരാം" എന്ന സന്ദേശവുമായി ഇടുക്കി പ്രസ് ക്ലബ്ബും സ്‌പോർട്‌സ് ആൻഡ് ഗെയിംസ് വെൽഫെയർ അസോസിയേഷൻ നേതൃത്വം നൽകുന്ന സോക്കർ സ്‌കൂളും ചേർന്ന്
സൗഹൃദ ഫുട്‌ബോൾ മത്സരം ഇന്ന് രാവിലെ 7.30 നും വൈകിട്ട് അഞ്ചിനും സോക്കർ സ്‌കൂൾ ഗ്രൗണ്ടിൽ നടക്കും. അച്ചൻകവലയിലെ സോക്കർ
സ്‌കൂൾ ഗ്രൗണ്ടിൽ നടക്കുന്ന പരിപാടി തൊടുപുഴ മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ് ഉദ്ഘാടനം ചെയ്യും. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ, ലോയേഴ്‌സ് അസോസിയേഷൻ, ഇടുക്കി പ്രസ് ക്ലബ്,
അൽ- അസർ മെഡിക്കൽ ടീം എന്നീ ടീമുകളാണ് മാറ്റുരയ്ക്കുന്നത്. ഇന്ന്
നടക്കുന്ന ആദ്യ മത്സരത്തിൽ ഇടുക്കി പ്രസ് ക്ലബ് ടീം അൽ അസർ മെഡിക്കൽ കോളജ് ടീമിനെ എതിരിടും. വൈകിട്ട് അഞ്ചിന് ലോയേഴ്‌സ് അസോസിയേഷനും ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും തമ്മിലാണ് മത്സരം. ചടങ്ങിൽ കൊവിഡ് പ്രതിരോധത്തിൽ വിലയേറിയ സേവനങ്ങൾ നൽകിയ ആരോഗ്യ പ്രവർത്തകരെ ആദരിക്കും. ആരോഗ്യ, സാംസ്‌കാരിക, നിയമ, മാദ്ധ്യമ രംഗത്തെ പ്രമുഖരും അസോസിയേഷൻ അംഗങ്ങളും സ്‌പോർട്‌സ് ആൻഡ് ഗെയിംസ് വെൽഫെയർ അസോസിയേഷൻ
ഭാരവാഹികളും പങ്കെടുക്കും.