k-surendran

തൊടുപുഴ: രാഷ്ട്രപതി ഒപ്പുവെച്ച നിയമത്തിനെതിരെ നിയമസഭ പാസാക്കിയ പ്രമേയത്തിന് കടലാസിന്റെ വില പോലുമില്ലെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. അബ്ദുൾ നാസർ മദനിയെ പുറത്തിറക്കാൻ വേണ്ടി പ്രമേയം പാസാക്കിയവരാണിവർ. ഇവയ്‌ക്കൊന്നും രാജ്യം ഒരു വിലയും നൽകിയിട്ടില്ല. രണ്ട് മുന്നണികളും ഒറ്റക്കെട്ടായി നിന്ന് സമ്മേളനങ്ങൾ നടത്തി ജനങ്ങളെ കബളിപ്പിക്കുകയാണ്. ഡൽഹിയിൽ നടക്കുന്ന സമരത്തിന്റെ പേര് പറഞ്ഞ് നിയമസഭ പ്രമേയം പാസാക്കുന്നത് അപഹാസ്യമാണ്. താങ്ങുവിലയുടെ കാര്യത്തിൽ മുഖ്യമന്ത്രി പറയുന്നതെല്ലാം നുണയാണ്. കേന്ദ്രം പ്രഖ്യാപിച്ച തുകയാണ് ഇവിടെ ഇപ്പോഴും നൽകുന്നതെന്നും സുരേന്ദ്രൻ

പറഞ്ഞു.

 രാജഗോപാൽ പറഞ്ഞത് പരിശോധിക്കും

മുഖ്യമന്ത്രി നിയമസഭയിൽ അവതരിപ്പിച്ച പ്രമേയത്തെ ഒ. രാജഗോപാൽ എം.എൽ.എ അനുകൂലിച്ചത് സംബന്ധിച്ച്‌ മാദ്ധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് സുരേന്ദ്രൻ പ്രതികരിച്ചില്ല. രാജഗോപാൽ പറഞ്ഞതെന്താണെന്ന് പരിശോധിച്ച ശേഷം മറുപടി പറയാമെന്ന് അദ്ദേഹം പറഞ്ഞു.