തൊടുപുഴ: മലങ്കര അണക്കെട്ടിൽ അടിഞ്ഞ് കൂടി കിടക്കുന്ന ചെളിയും മണ്ണും നീക്കം ചെയ്യുന്നതിന് വേണ്ടിയുള്ള മുന്നൊരുക്ക പഠനം ആരംഭിച്ചു. ജലവിഭവ വകുപ്പിന് കീഴിൽ പീച്ചിയിലുള്ള കേരള എഞ്ചിനീയറിംഗ് റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ടാണ് അണക്കെട്ടിൽ പഠനം നടത്തുന്നത്. ആറ് ദിവസത്തെ പഠനമാണ് നടത്തുന്നത്. രണ്ട് അംഗങ്ങളുള്ള എഞ്ചിനീയറിംഗ് വിംഗിന്റെ നേതൃത്വത്തിൽ ഇന്നലെ രാവിലെ മുതൽ പഠനം ആരംഭിച്ചു. എക്സിക്യൂട്ടീവ് എഞ്ചിനിയർ ഉൾപ്പെടെയുള്ള മറ്റ് വിദഗ്ദ്ധ സംഘാംഗങ്ങൾ ഇന്നെത്തും. രണ്ട് വശങ്ങളിലായിട്ടുളള കനാലിലൂടെ വെള്ളം കടത്തി വിടുന്നതിന് വേണ്ടി ജലനിരപ്പ് ഇന്നലെ മുതൽ 41.8 മീറ്ററായി ഉയർത്തിയിട്ടുണ്ട്. പരമാവധി സംഭരണ ശേഷി 42 മീറ്ററാണ്. അണക്കെട്ടിനോട് അനുബന്ധിച്ചുള്ള മിനി പവർ ഹൗസിലെ വൈദ്യുതി ഉല്പാദനത്തിന് ശേഷം 27 മീറ്റർ ക്വിബിക്ക് (പെർ സെക്കന്റ് ) അളവിലുളള വെള്ളമാണ് തൊടുപുഴ ആറ്റിലേക്ക് തുറന്ന് വിടുന്നതും. ജലവിഭവ വകുപ്പിന് കീഴിലുള്ള സംസ്ഥാനത്തെ 11 അണക്കെട്ടുകളിൽ വർഷങ്ങളായി അടിഞ്ഞ് കൂടി കിടക്കുന്ന മണലും ചെളിയും നീക്കം ചെയ്ത് മണൽ വാണിജ്യാടിസ്ഥാനത്തിൽ വിപണനം ചെയ്യുക, അണക്കെട്ടുകളുടെ സംഭരണ ശേഷി വർധിപ്പിക്കുക എന്ന പദ്ധതിയുടെ ഭാഗമായിട്ടാണ് വിദഗ്ദ്ധ സംഘം മലങ്കരയിൽ എത്തിയിരിക്കുന്നത്.

പാഴ് വസ്തുക്കൾ സുരക്ഷാ ഭീഷണി

തൊടുപുഴയാറിന്റെ ഭാഗമായി മലങ്കരയിൽ അണക്കെട്ട് നിർമ്മിച്ച് കനാൽ മാർഗം കൂത്താട്ടുകുളം, പോത്താനിക്കാട് ഭാഗങ്ങളിലേക്ക് കൃഷി ആവശ്യത്തിന് വെള്ളം എത്തിക്കുക, അണക്കെട്ടിനോട് അനുബന്ധിച്ച് മിനി ജലവൈദ്യുതി നിലയം സ്ഥാപിച്ച് വൈദ്യുതി പ്രതിസന്ധി പരിഹരിക്കുക എന്നീ ലക്ഷ്യത്തോടെയായിരുന്നു മലങ്കര പദ്ധതി വിഭാവനം ചെയ്ത് പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്.1974 കാലഘട്ടത്തിലാണ് അണക്കെട്ടിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. പദ്ധതിയോടുളള താല്പര്യക്കുറവും അഴിമതി ആരോപണങ്ങൾ ഉൾപ്പെടെയുള്ള മറ്റ് സാങ്കേതിക പ്രതിസന്ധികളേയും തുടർന്ന് നീണ്ട 46 വർഷങ്ങൾക്ക് ശേഷമാണ് പദ്ധതി പൂർണ്ണമായും കമ്മീഷൻ ചെയ്ത് നാടിന് സമർപ്പിച്ചത്. അണക്കെട്ടിൽ കെട്ടിക്കിടക്കുന്ന പാഴ് വസ്തുക്കൾ അണക്കെട്ടിന്റെ സുരക്ഷക്ക് ഭീഷണിയാവുകയാണെന്ന് ഇതുമായി ബന്ധപ്പെട്ട സാങ്കേതിക വിഭാഗം കണ്ടെത്തിയിരുന്നു.

. മണ്ണും ചെളിയും ഉൾപ്പെടെ അടിഞ്ഞ മാലിന്യങ്ങൾ നീക്കം ചെയ്യണമെങ്കിലും പഠനം ആവശ്യമാണ്. ഡാമിന്റെ നിയന്ത്രണ ചുമതലയുള്ള മൂവാറ്റുപുഴ വാലി ഇറിഗേഷൻ പ്രോജക്ട് (എം.വി.ഐ.പി.) അധികൃതരുടെ ആവശ്യപ്രകാരമാണ് ഇപ്പോഴത്തെ പഠനം.

മൂലമറ്റം പവർ ഹൗസിൽ നിന്നും വൈദ്യുതോൽപ്പാദന ശേഷം പുറന്തള്ളുന്ന വെള്ളമാണ് തൊടുപുഴയാറിന് കുറുകേ നിർമിച്ചിരിക്കുന്ന മലങ്കര ഡാമിൽ പ്രധാനമായും ശേഖരിക്കുന്നത്. ഇതിന് പുറമേ സമീപ പഞ്ചായത്തുകളിലൂടെ ഒഴുകുന്ന പുഴകളും തോടുകളും വന്ന് പതിക്കുന്നതും മലങ്കര ജലാശയത്തിലേക്കാണ്.