
ന്യൂഡൽഹി: ഇടുക്കി ജില്ലയിലെ മതികെട്ടാൻ ചോല ദേശീയോദ്യാനത്തിനു ചുറ്റുമായി 17.5 ചതുരശ്ര കിലോമീറ്റർ സ്ഥലം പരിസ്ഥിതി ലോല മേഖലയായി (ഇ.എസ്.സെഡ്) പ്രഖ്യാപിച്ച് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം അന്തിമ വിജ്ഞാപനമിറക്കി. ഉടുമ്പൻചോല താലൂക്കിൽ പൂപ്പാറ വില്ലേജിലെ പ്രദേശമാണിത്. രണ്ടു വർഷത്തിനകം പ്രദേശവാസികളുമായി ചർച്ച നടത്തി മേഖലാ മാസ്റ്റർ പ്ലാൻ സംസ്ഥാന സർക്കാർ തയ്യാറാക്കണം. കഴിഞ്ഞ ആഗസ്റ്റ് 13നാണ് കരട് വിജ്ഞാപനമിറക്കിയത്. സമയപരിധിയായ 60 ദിവസത്തിനകം ലഭിച്ച അഭിപ്രായങ്ങൾ പരിഗണിച്ച ശേഷമാണ് അന്തിമ വിജ്ഞാപനമിറക്കിയത്. വന, കൃഷി, ഭൂമിയിൽ വീടുകൾ ഉൾപ്പടെയുള്ള നിർമ്മാണങ്ങൾക്ക് നിയന്ത്രണം വരും. പ്രദേശവാസികളുടെ ആവശ്യങ്ങൾക്കായി കൃഷി ഭൂമിയുടെയും മറ്റും സ്ഥിതി മാറ്റാം.വാണിജ്യ, വ്യവസായ ആവശ്യങ്ങൾക്കായി മാറ്റരുത്. ഇക്കോ ടുറിസം പദ്ധതികൾ സോണൽ മാസ്റ്റർ പ്ലാനിന്റെ അടിസ്ഥാനത്തിലായിരിക്കണം. പ്രദേശവാസികൾക്കായി പുതിയ പാത നിർമിക്കാം, നിലവിലുള്ളതിന്റെ വീതി കൂട്ടാം. പൊതുഅടിസ്ഥാന സൗകര്യങ്ങൾ, മലിനീകരണമില്ലാത്ത ചെറുകിട വ്യവസായം, കുടിൽ വ്യവസായം, ഇക്കോടൂറിസത്തിന്റെ ഭാഗമായ ഹോം സ്റ്റേ തുടങ്ങിയവ അനുവദിക്കും.
ന്യൂട്രിനോ ഒബ്സർവേറ്ററി
ലോലപ്രദേശത്തല്ലെന്ന്
മതികെട്ടാൻ ചോലയുടെ കിഴക്കുഭാഗത്തെ തേനിയിലാണ് മല തുരന്നുള്ള നിർദ്ദിഷ്ട ന്യൂട്രിനോ ഒബ്സർവേറ്ററി പ്രദേശം. ഇതു പരിസ്ഥിതി ലോല പ്രദേശമല്ലെന്നാണ് വിജ്ഞാപനത്തിൽ പറയുന്നത്. ഒബ്സർവേറ്ററി നിർമ്മാണം ദേശീയ ഹരിത ട്രൈബ്യൂണൽ തടഞ്ഞിരിക്കുകയാണ്.
നിരീക്ഷണ സമിതി
വിജ്ഞാപനം പാലിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കാൻ കേന്ദ്രസർക്കാർ ഇടുക്കി ജില്ലാ കളക്ടർ അദ്ധ്യക്ഷനായി ആറംഗ സമിതിക്ക് രൂപം നൽകി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സമിതിഅംഗമാണ്.
പൂപ്പാറ വില്ലേജ്
# ശാന്തമ്പാറ, രാജകുമാരി, ചിന്നക്കനാൽ പഞ്ചായത്തുകളിലായി 4105 ഹെക്ടറാണ് പൂപ്പാറ വില്ലേജ്
#ചെറുകിട കർഷകരും തമിഴ് തോട്ടം തൊഴിലാളികളും അധിവസിക്കുന്നു
#ഏലം, കുരുമുളക് പ്രധാന കൃഷി
# 2011ലെ സെൻസസ് പ്രകാരം 8,231 പേരുണ്ട്.
# മൂലത്തറ, തോണ്ടിമല, തലക്കുളം മേഖലകളിൽ തമിഴ് തോട്ടം തൊഴിലാളികൾ തിങ്ങിപ്പാർക്കുന്നു.
# ആനയിറങ്കൽ, ബോഡിമെട്ട് വിനോദസഞ്ചാരകേന്ദ്രങ്ങൾ.
# നിരവധി റിസോർട്ടുകളും ഹോംസ്റ്റേകളുമുണ്ട്.