ചെറുതോണി: പ്രസിഡന്റ് പദവി ആദ്യടേൺ നൽകുന്നതുമായുണ്ടായ തർക്കത്തെത്തുടർന്ന് തിരഞ്ഞെടുപ്പ് മാറ്റിവച്ച ഇടുക്കി ബ്ലോക്ക് പഞ്ചായത്തിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. തർക്കം പരിഹരിച്ചതിനെത്തുടർന്ന് ഇന്നലെ ബ്ലോക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പ്രതിനിധി രാജി ചന്ദ്രനെ പ്രസിഡന്റായും, കേരളകോൺഗ്രസ് ജോസഫ് വിഭാഗത്തിലെ അഡ്വ. എബി തോമസിനെ വൈസ് പ്രസിഡന്റായും തിരഞ്ഞെടുത്തു. എൽഡിഎഫിലെ പ്രസിഡന്റ് സ്ഥാനാർത്ഥി ജസ്സിതോമസും, വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥി ഡിറ്റാജ് ജോസഫുമായിരുന്നു. പ്രസിഡന്റ് സ്ഥാനം ആദ്യംനൽകുന്നതു സംബന്ധിച്ച് തർക്കം നിലനിന്നിരുന്നതിനാൽ ബുധനാഴ്ച യുഡിഎഫ് അംഗങ്ങൾ പങ്കെടുക്കാത്തതിനെത്തുടർന്ന് തിരഞ്ഞെടുപ്പുമാറ്റിവെച്ചിരുന്നു. യുഡിഎഫ് ജില്ലാ നേതൃത്വം ആദ്യടേമിൽ രണ്ടരവർഷം ആൻസിതോമസിനും, ഒരുവർഷം രാജിചന്ദ്രനും ബാക്കി ഒന്നരവർഷം കേരളകോൺഗ്രസ് പ്രതിനിധിക്കും നൽകാനായിരുന്നു തീരുമാനിച്ചിരുന്നത്. രാജിചന്ദ്രന് ഒരുവർഷം കാലാവധി നൽകിയതിനാൽ അത് ആദ്യംനൽകണമെന്നുമറ്റുമെമ്പർ ആവശ്യപ്പെട്ടതും അവർ അതിലുറച്ചു നിൽക്കുകയും ചെയ്തതോടെ രാജി ചന്ദ്രനെ ആദ്യ ടേം നൽകാൻ ജില്ലാ നേതൃത്വം തീരുമാനിക്കുകയായിരുന്നു.