തൊടുപുഴ: പത്ത് മാസത്തോളമായി അടഞ്ഞുകിടന്ന ക്ലാസ് മുറികളും പുല്ലു പിടിച്ച സ്കൂൾ മുറ്റങ്ങളും വൃത്തിയായി, ഇന്ന് മുതൽ വിദ്യാലയങ്ങളിൽ ബെൽ മുഴങ്ങും. കൊവിഡ് ഭീഷണി ഇപ്പോഴും നില നിൽക്കുന്നുണ്ടെങ്കിലും പരീക്ഷണാർത്ഥമാണ് പുതുവത്സര ദിനത്തിൽ വിദ്യാലയങ്ങൾ തുറക്കാൻ സർക്കാർ തീരുമാനിച്ചത്. പത്താംക്ലാസ്, ഹയർസെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥികൾ മാത്രമാണ് ഇന്നു മുതൽ സ്‌കൂളുകളിലെത്തുക. കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പു വരുത്തുന്നതിനായി എല്ലാ വിദ്യാലയങ്ങളിലും കൊവിഡ് സെൽ രൂപീകരിച്ചിട്ടുണ്ട്. തദ്ദേശ സ്വയം ഭരണം, ആരോഗ്യ വകുപ്പ്, പൊലീസ്, ഫയർഫോഴ്‌സ്, വിദ്യാഭ്യാസ വകുപ്പ്, സ്‌കൂൾ മാനേജ്‌മെന്റ് പ്രതിനിധികൾ, വിദ്യാർത്ഥി പ്രതിനിധികൾ എന്നിവരടങ്ങിയ സമിതിയാണ് രൂപീകരിച്ചത്. ഈ സമിതിയുടെ മേൽനോട്ടത്തിലാവും പ്രവർത്തനങ്ങൾ ഏകോപിക്കുക. എല്ലാ അദ്ധ്യാപകരും ഇന്നു മുതൽ സ്‌കൂളിൽ ഹാജരാകണമെന്ന് വിദ്യാഭ്യാസ വകുപ്പ് നിർദേശിച്ചിട്ടുണ്ട്. എന്തെങ്കിലും കാരണത്താൽ ക്ലാസിൽ എത്തിച്ചേരാൻ സാധിക്കാത്തവർക്ക് ഗൂഗിൾ മീറ്റ്, ഗൂഗിൾ ക്ലാസ് റൂം, വാട്‌സാപ്പ് തുടങ്ങിയ സമൂഹമാദ്ധ്യമങ്ങൾ പ്രയോജനപ്പെടുത്തി ക്ലാസുകൾ നൽകും.

പ്രവേശനം ഘട്ടങ്ങളായി

വിദ്യാർത്ഥികളെ ബാച്ചുകളായി തിരിച്ചാവും സ്‌കൂളുകളിൽ പ്രവേശിപ്പിക്കുക. മുന്നൂറിൽ താഴെ വിദ്യാർത്ഥികളുണ്ടെങ്കിൽ 50 ശതമാനവും അതിനു മുകളിൽ കുട്ടികളുള്ള സ്‌കൂളുകളിൽ 25 ശതമാനം വീതമായിരിക്കും പ്രവേശനം. രണ്ടാഴ്ചത്തേയ്ക്ക് കുട്ടികളുടെ സംശയനിവാരണത്തിനായിരിക്കും പ്രാധാന്യം നൽകുന്നത്. മാർച്ച് 17 മുതൽ പരീക്ഷകൾ ആരംഭിക്കുന്നതിനാൽ വിദ്യാർത്ഥികൾക്ക് അതുമായി ബന്ധപ്പെട്ടുള്ള ക്ലാസുകളും മറ്റുമായിരിക്കും തുടർന്ന് നൽകുക.

പഠനം ഇന്ന് വേണ്ട

ഇന്ന് മുതൽ പഠന ക്ലാസുകൾ ആരംഭിക്കരുതെന്ന് നിർദേശം നൽകിയിട്ടുണ്ട്. മാസ്‌ക് ധരിച്ച് സ്‌കൂളുകളിലെത്തുന്ന വിദ്യാർത്ഥികൾ പരസ്പരം സംസാരിക്കരുതെന്നും കൂട്ടംകൂടരുതെന്നും നിർദേശമുണ്ട്. ഇടവേളകൾ വിവിധ സമയങ്ങളിലായി ക്രമപ്പെടുത്തും. തെർമൽ സ്‌കാനർ പരിശോധനയ്ക്ക് ശേഷമായിരിക്കും കുട്ടികൾക്ക് സ്‌കൂളുകളിലേക്കുള്ള പ്രവേശനം. സാനിറ്റൈസറും കൈ കഴുകുന്നതിനുള്ള സൗകര്യവും സ്‌കൂളുകളിൽ കരുതിയിട്ടുണ്ട്. ഇതൊടൊപ്പം സ്‌കൂളും പരിസരവും അണുവിമുക്തമാക്കുകയും ചെയ്തു.