surendran

തൊടുപുഴ: വാഗമൺ നിശാ പാർട്ടിയെക്കുറിച്ച് സമഗ്ര അന്വേഷണം വേണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ പറഞ്ഞു. ബി.ജെ.പിയുടെ ജില്ലാ യോഗവും പഞ്ചായത്ത് മുനിസിപ്പൽ അംഗങ്ങൾക്കുള്ള സ്വീകരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വാഗമൺ കേസിൽ അടിമുടി ദുരൂഹതയുണ്ട്. അന്തർദേശീയ മയക്കുമരുന്ന് സംഘവുമായി സംഭവത്തിന് ബന്ധമുണ്ടോയെന്നതും ബംഗ്ളൂരു മയക്ക് മരുന്ന് കേസുമായി ബന്ധമുണ്ടോയെന്നതും അന്വേഷിക്കണം. റിസോർട്ട് ഉടമയെ അറസ്റ്റ് ചെയ്യാൻ എന്താണ് പൊലീസ് തയ്യാറാവാത്തത്. പൊലീസിന് അന്വേഷിക്കാൻ സംവിധാനമില്ലെങ്കിൽ നാർക്കോട്ടിക്ക് സെല്ലിന് കേസ് കൈമാറാൻ തയ്യാറാകണം. അന്വേഷണം നീണ്ട് പോയാൽ ബി.ജെ.പി ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് കെ.എസ്. അജി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറിമാരായ വി.എൻ. സുരേഷ്. സി. സന്തോഷ്‌കുമാർ, എറണാകുളം മേഖല സെക്രട്ടറി ജെ. ജയകുമാർ, സംഘടനാ സെക്രട്ടറി എൽ. പത്മകുമാർ, ദേശീയ സമിതിയംഗം ശ്രീനഗരി രാജൻ, സംസ്ഥാന സമതിയംഗങ്ങളായ പി.പി. സാനു, പി.എ. വേലുക്കുട്ടൻ, ബിനു ജെ. കൈമൾ എന്നിവർ പങ്കെടുത്തു.