
തൊടുപുഴ: ശാന്തൻപാറ കെ.ആർ.വി. എസ്റ്റേറ്റിൽ വെടിവയ്പ് നടന്ന സംഭവത്തിൽ പ്രതികൾക്ക് അനുകൂലമായി നിലപാടെടുത്തെന്ന പരാതിയെ തുടർന്ന് മൂന്നാർ മുൻ ഡിവൈ.എസ്.പി. രമേശ് കുമാറിനെ സസ്‌പെൻഡ് ചെയ്തു. വകുപ്പ് തല അന്വേഷണത്തിനും ആഭ്യന്തര വകുപ്പിന് ശുപാർശ ചെയ്തു. രമേശ് കുമാർ ഇപ്പോൾ ഇടുക്കി ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പിയാണ്.
2020 മേയ് 16നാണ് സംഭവം. മുൻ ന്യൂനപക്ഷ കമ്മിഷൻ അംഗം ജോൺ ജോസഫിന്റെ ഉടമസ്ഥതയിലുള്ള തോട്ടം കടബാദ്ധ്യതയെ തുടർന്ന് തൃശൂർ ദേശമംഗലം സ്വദേശി അബ്ദുൽ ഖാദറിന് വിറ്റിരുന്നു. ബാങ്ക് ബാദ്ധ്യത ഉൾപ്പെടെ ഏറ്റെടുത്തായിരുന്നു വിൽപ്പന. എന്നാൽ, ബാങ്ക് ലോൺ അടയ്ക്കാതെ വന്നതോടെ ഇരുകൂട്ടർ തമ്മിൽ തർക്കങ്ങളും സംഘർഷവും പതിവായി. ലോൺ നൽകിയ ബാങ്ക് ഭൂമി ഏറ്റെടുത്തു. മേയ് 16ന് എസ്റ്റേറ്റിൽ തോക്കുമായെത്തിയ സംഘം ജീവനക്കാരെ ഭീഷണിപ്പെടുത്തി.
സംഭവത്തിൽ അബ്ദുൽ ഖാദർ ഉൾപ്പടെ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ജില്ലാ പൊലീസ് മേധാവിയുടെ നിർദേശ പ്രകാരം ശാന്തൻപാറ സി.ഐ. നൽകിയ റിപ്പോർട്ട് തിരുത്തിയെന്നും പ്രതികൾക്ക് ജാമ്യം ലഭിക്കുന്ന രീതിയിൽ രമേശ് കുമാർ ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകിയെന്നും പരാതി ഉയർന്നിരുന്നു. .