election

കണ്ണൂർ: പാർലമെന്റ് തിരഞ്ഞെടുപ്പോ, നിയമസഭ തിരഞ്ഞെടുപ്പോ പോലെ ഒപ്പത്തിനൊപ്പമോ, ഒരു പടി മുന്നിലോ എത്താൻ കണ്ണൂർ ജില്ലാപഞ്ചായത്തിൽ ഒരിക്കലും യു.ഡി.എഫിന് സാധിച്ചിട്ടില്ല. തദ്ദേശതിരഞ്ഞെടുപ്പിന്റെ കാൽ നൂറ്റാണ്ട് ചരിത്രം ഓർമ്മപ്പെടുത്തുന്നത് അതാണ്. സീറ്റുകളിൽ ഏറ്റക്കുറച്ചിലുണ്ടായാലും ഇത്തവണയും ഭരണം തങ്ങളുടെ കൈകളിൽ തന്നെയാണെന്നാണ് ഇടതുമുന്നണി കണക്കുകൂട്ടുന്നത്. അതെസമയം അത്ഭുതങ്ങളിലും അട്ടിമറികളിലും വിശ്വസിച്ചാണ് ഇക്കുറി യു.ഡി.എഫിന്റെ പ്രചാരണം പുരോഗമിക്കുന്നത്. ബി.ജെ.പിയും ബി.ഡി.ജെ.എസുമടങ്ങുന്ന എൻ.ഡി.എയും തങ്ങളുടെ കരുത്ത് കാണിക്കാനുള്ള ശ്രമത്തിലാണ്.

കേരള കോൺഗ്രസ് ജോസ് വിഭാഗം ഇടത്തോട്ട് മാറിയത് മലയോരത്തെ ചില ഡിവിഷനുകളിൽ എൽ.ഡി.എഫിന് കൂടുതൽ വിജയ പ്രതീക്ഷ നൽകുന്നുണ്ട്. ഭരണവിരുദ്ധ വികാരമുണ്ടെന്ന വിശ്വാസത്തിലാണ് യു.ഡി.എഫിന്റെ മുന്നേറ്റം.

മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി പ്രതിപക്ഷത്തിന് അല്പമെങ്കിലും കരുത്തുണ്ടായത് കഴിഞ്ഞ ജില്ലാപഞ്ചായത്ത് ഭരണസമിതിയിലാണ്. 24സീറ്റിൽ 9 എണ്ണം യു.ഡി.എഫിന് ലഭിച്ചു. ഇതിന് പുറമെ ചെറിയ വോട്ടുകൾക്ക് തോറ്റ കൂടാളി, അഴീക്കോട്, കോളയാട് എന്നിവ പിടിക്കുകയും ചെയ്താൽ അട്ടിമറിക്കാമെന്ന പ്രതീക്ഷയിലാണ് മുന്നണി. കോളയാട് 2518 ഉം അഴീക്കോട് 2024 ഉം വോട്ടുകൾക്കാണ് യു.ഡി.എഫ് പരാജയപ്പെട്ടത്.
കഴിഞ്ഞ ഭരണസമിതിയിൽ വൈസ് പ്രസിഡന്റായ പി.പി. ദിവ്യയെ മുൻനിർത്തിയാണ് ഇടതുമുന്നണി പ്രചാരണത്തിൽ ശക്തമായി മുന്നേറുന്നത്. പുതുമുഖങ്ങളെയും യുവാക്കളെയുമാണ് കൂടുതലും മുന്നണി സ്ഥാനാർത്ഥിയാക്കിയത്. ഉളിക്കൽ ഡിവിഷനിൽ നിന്ന് മത്സരിക്കുന്ന ഡി.സി.സി സെക്രട്ടറിയും മുൻ കേളകം പഞ്ചായത്ത് പ്രസിഡന്റുമായ ലിസി ജോസഫിനെയാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് യു.ഡി.എഫ് കരുതിയിരിക്കുന്നത്. എല്ലാ ഡിവിഷനുകളിലും ഇത്തവണ എൻ.ഡി.എയ്ക്ക് സ്ഥാനാർത്ഥികളുണ്ട്. കള്ളവോട്ടും മറ്റു കൃത്രിമങ്ങളുമില്ലാതെ വോട്ടെടുപ്പ് നടന്നാൽ ഏതാനും സീറ്റുകളിൽ വിജയം നേടാൻ കഴിയുമെന്നാണ് എൻ.ഡി.എ പ്രതീക്ഷ.

അല്പം ചരിത്രം

1995ൽ ജില്ലാ പഞ്ചായത്തിന്റെ ആദ്യ രൂപമായ ജില്ലാ കൗൺസിലിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ സി.പി.എമ്മിലെ പി.കെ ശ്രീമതി പ്രസിഡന്റായി. 1997ൽ പി.കെ ശ്രീമതി രാജിവെച്ച ഒഴിവിൽ ഇ.വി രാധയും 1999 മാർച്ചിൽ ഇ.വി രാധ രാജിവച്ചതിനെ തുടർന്ന് എം. ജയലക്ഷ്മിയും പ്രസിഡന്റായി. 2000ൽ നടന്ന രണ്ടാമത്തെ തിരഞ്ഞെടുപ്പിൽ സി.പി.എമ്മിലെ ഒ.വി നാരായണൻ പ്രസിഡന്റായി. 2005ൽ നടന്ന തിരഞ്ഞെടുപ്പിൽ മുൻ എം.എൽ.എ കെ.കെ. നാരായണനായിരുന്നു അദ്ധ്യക്ഷൻ. 2010ൽ പ്രൊഫ. കെ.എ സരളയും. 2015ൽ കാരായി രാജൻ പ്രസിഡന്റായി ചുമതലയേറ്റെങ്കിലും ഫസൽ വധക്കേസിൽ സി.ബി.ഐ പ്രതി ചേർത്തതിനാൽ ജില്ലയിൽ പ്രവേശനാനുമതി കിട്ടിയില്ല. രാജൻ രാജിവച്ചതിനെ തുടർന്നാണ് പരിയാരം ഡിവിഷനിൽ നിന്ന് ജയിച്ച കെ.വി സുമേഷ് പ്രസിഡന്റായത്. അഞ്ച് തിരഞ്ഞെടുപ്പുകളിലും ഇടതുമുന്നണിക്ക് ഏകപക്ഷീയമായ വിജയമായിരുന്നു.


ഡിവിഷനുകൾ

കരിവെള്ളൂർ, പാട്യം, പന്ന്യന്നൂർ, കതിരൂർ, പിണറായി, വേങ്ങാട്, ചെമ്പിലോട്, കൂടാളി, മയ്യിൽ, അഴീക്കോട്, കല്യാശേരി, കുഞ്ഞിമംഗലം, പരിയാരം, കടന്നപ്പള്ളി, കോളയാട്- എൽ.ഡി.എഫ്

നടുവിൽ, പയ്യാവൂർ, ഉളിക്കൽ, പേരാവൂർ, തില്ലങ്കേരി, ചെറുകുന്ന്, കൊളച്ചേരി, കൊളവല്ലൂർ (ലോക് താന്ത്രിക് ദൾ, ഇപ്പോൾ ഇടതുമുന്നണിക്കൊപ്പം) ആലക്കോട് (കേരള കോൺ. എം, ഇപ്പോൾ ഇടതുമുന്നണിക്കൊപ്പം) -യു.ഡി.എഫ്.