കണ്ണൂർ:തലശ്ശേരി ,എടക്കാട് ,ഇരിട്ടി ബ്ലോക്കുകളിൽപ്പെട്ട പ്രദേശങ്ങൾ ഉൾപ്പെട്ട വേങ്ങാട് ഡിവിഷൻ ഇടതുപക്ഷത്തിന് കരുത്തുള്ള പ്രദേശങ്ങൾ ഉൾപ്പെട്ടതാണ്. കഴിഞ്ഞ തവണ സി.പി.എമ്മിലെ പി.ഗൗരി 28940 വോട്ടിനാണ് വിജയിച്ചത് . തലശ്ശേരി ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ വരുന്ന പാതിരിയാട് ,പടുവിലായി ,അഞ്ചരക്കണ്ടി -വേങ്ങാട് ബ്ലോക്ക് ഡിവിഷനുകൾ, ഇരിട്ടി ബ്ലോക്കിന് കീഴിലെ മാവിലായി എന്നിവ ചേർന്നതാണ് ജില്ലാ പഞ്ചായത്ത് ഡിവിഷൻ .ഇതിൽ അഞ്ചരക്കണ്ടി ,കീഴല്ലൂർ ,വേങ്ങാട് പെരളശ്ശേരി ഗ്രാമപഞ്ചായത്തുകളിൽ കാലങ്ങളായി എൽ.ഡി.എഫാണ് ഭരിക്കുന്നത്.
പ്രചരണം ഊർജ്ജിതമാക്കിയിരിക്കുകയാണ് മൂന്നു മുന്നണികളും .എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി ചന്ദ്രൻ കല്ലാട്ടാണ് ഇത്തവണ മത്സരിക്കുന്നത്.മുസ്ലിം ലീഗിന്റെ എൻ.പി .താഹിറാണ് യു.ഡി.എഫ് സ്ഥാനാർത്ഥി.
ഡിവിഷനിൽ റോഡ് വികസനം ഉൾപ്പെടെയുള്ളവ കാര്യക്ഷമമല്ലെന്ന് കാട്ടിയാണ് യു.ഡി.എഫിന്റെയും ബി.ജെ.പിയടെയും പ്രചരണം.എന്നാൽ വികസന നേട്ടങ്ങൾ എണ്ണി പറഞ്ഞ് പ്രചരണം ശക്തിപ്പെടുത്തുകയാണ് എൽ.ഡി.എഫ്.
മികച്ച രീതിയിലുള്ള വികസന പ്രവർത്തനങ്ങളാണ് ഡിവിഷനിൽ ഇടതുപക്ഷം നടപ്പിലാക്കിയിട്ടുള്ളതെന്നും വിജയിക്കുമെന്ന ഉറച്ച പ്രതീക്ഷയിലാണെന്നും ചന്ദ്രൻ കല്ലാട്ട് അവകാശപ്പെടുന്നു. ഡിവിഷനിൽ ജനം മാറ്റം ആഗ്രഹിക്കുന്നുവെന്നാണ് യു.ഡി.എഫ് സ്ഥാനാർത്ഥി താഹിറിന്റെ അഭിപ്രായം.വലിയ പിന്തുണയാണ് ഡിവിഷനിൽ നിന്നും ലഭിക്കുന്നതെന്നാണ് എൻ.ഡി.എ സ്ഥാനാർത്ഥിയുടെ പ്രതികരണം.
ചന്ദ്രൻ കല്ലാട്ട്
സി.പി.എം അഞ്ചരക്കണ്ടി ഏരിയാ കമ്മിറ്റി അംഗം, അഞ്ചരക്കണ്ടി ലോക്കൽ സെക്രട്ടറി ,എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.കർഷകസംഘം ഏരിയ കമ്മിറ്റി അംഗവുമാണ് .കൊമേഴ്‌സ്യൽ ടാക്‌സ് ഓഫീസർ തസ്തികയിൽ നിന്നു 2010 ൽ വിരമിച്ചു.അഞ്ചരക്കണ്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്.മോഹനൻ മാനന്തേരി എൻ.ഡി.എയ്ക്കായും മത്സരിക്കുന്നു.
എൻ.പി. താഹിർ
എം .എസ് .എഫ് കൂത്തുപറമ്പ് മണ്ഡലം സെക്രട്ടറി പ്രസിഡന്റ്, യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി, മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ സെക്രട്ടറി,ധർമ്മടം നിയോജക മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിക്കുന്നു.
മോഹനൻ മാനന്തേരി
ബി.ജെ.പി കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റ് .കൊളവല്ലൂർ ഹയർസെക്കന്ററി സ്‌കൂൾ പ്രധാനാദ്ധ്യാപകനായി വിരമിച്ചു.2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ധർമ്മടം നിയോജക മണ്ഡലം ബി.ജെ.പി സ്ഥാനാർഥി മത്സരിച്ചിട്ടുണ്ട്.ദേശീയ അദ്ധ്യാപക പരിഷത്ത് ജില്ലാ പ്രസിഡന്റ് ,കേരള ക്ഷേത്രസംരക്ഷണസമിതി ജില്ലാ പ്രസിഡന്റ്, ബി.ജെ.പി കൂത്തുപറമ്പ് നിയോജക മണ്ഡലം പ്രസിഡണ്ട് എന്നീ പദവികൾ വഹിച്ചിട്ടുണ്ട്.