
കണ്ണൂർ: ജില്ലാ പഞ്ചായത്ത് ചെറുകുന്ന് ഡിവിഷനിൽ പോരാട്ടം നേർക്കുനേർ. യു.ഡി.എഫിന്റെ സിറ്റിംഗ് സീറ്റായ ഡിവിഷൻ പൊരുതി നേടാനുള്ള പ്രവർത്തനങ്ങളുമായി ഇടതുമുന്നണി മുന്നോട്ടു പോകുമ്പോൾ, ഡിവിഷൻ നിലനിർത്താനും ഭൂരിപക്ഷം ഇരട്ടിപ്പിക്കാനുമുള്ള യത്നത്തിലാണ് യു.ഡി.എഫ്.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിലെ അൻസാരി തില്ലങ്കേരിയായിരുന്നു ഡിവിഷനിൽ ജയിച്ചത്. ഇടതുമുന്നണിയിലെ എതിർ സ്ഥാനാർത്ഥിയെ 4500 വോട്ടുകൾക്കാണ് അൻസാരി തില്ലങ്കേരി പരാജയപ്പെടുത്തിയത്. ഇക്കുറി യു.ഡി.എഫിലെ എസ്.കെ.ആബിദയും ഇടതു മുന്നണിയിലെ അഡ്വ. കുഞ്ഞായിസു പുത്തലത്തുമാണ് അങ്കത്തട്ടിലുള്ളത്. ആബിദ മാടായി പഞ്ചായത്ത് പ്രസിഡന്റായിരുന്നു. സർസയിദ് കോളേജ് ഹയർസെക്കൻഡറി സ്കൂളിലെ അറബിക് അദ്ധ്യാപിക കൂടിയായ ആബിദ മഹിളാ ലീഗിന്റെ ജില്ലാ ഭാരവാഹിയും ലഹരി നിർമാർജ്ജന സമിതിയുടെ ജില്ലാ പ്രസിഡന്റുമാണ്.
മാടായി, മാട്ടൂൽ, പട്ടുവം, ചെറുകുന്ന് പഞ്ചായത്തുകളും കണ്ണപുരം പഞ്ചായത്തിലെ മൂന്ന് വാർഡുകളും ഉൾപ്പെടുന്നതാണ് ചെറുകുന്ന് ഡിവിഷൻ. മത്സ്യതൊഴിലാളികൾ അടക്കമുള്ള സാധാരണക്കാരും ഇടത്തരക്കാരുമാണ് വോട്ടർമാരിൽ ഭൂരിപക്ഷവും. മുസ്ലീം ന്യൂനപക്ഷത്തിന് മേൽക്കൈയുള്ള ഡിവിഷനിൽ മുന്നണി സ്ഥാനാർത്ഥികളുടെ വിജയത്തിന് ഇവരുടെ നിലപാട് നിർണായകമാണ്.
നടന്നുവരുന്ന വികസന പ്രവർത്തനങ്ങൾ പിന്തുടരുന്നതോടൊപ്പം അടിസ്ഥാന സൗകര്യ വികസനത്തിനു വേണ്ടി പ്രവർത്തിക്കും. മത്സ്യത്തൊഴിലാളികൾ ധാരാളമുള്ള ഡിവിഷനായതുകൊണ്ട് മത്സ്യ സംസ്കരണ യൂണിറ്റ് സ്ഥാപിക്കുന്നതിന് മുന്തിയ പരിഗണന നൽകും. അതോടൊപ്പം കടൽഭിത്തി കെട്ടാൻ ബാക്കിയുള്ള സ്ഥലങ്ങളിൽ ഭിത്തി നിർമ്മിക്കാനാവശ്യമായ നടപടി സ്വീകരിക്കും.
എസ്.കെ.ആബിദ (യു.ഡി.എഫ്)
നിലവിലുള്ള റോഡുകളുടെ നിലവാരം ഉയർത്തും. കഴിഞ്ഞ തവണ ജയിച്ചുപോയ യു.ഡി.എഫ് പ്രതിനിധി തികഞ്ഞ പരാജയമാണ്. വാടിക്കീൽ കടവ് റോഡിനു വേണ്ടി ജില്ലാ പഞ്ചായത്ത് അനുവദിച്ച ഫണ്ട് പോലും യഥാസമയം വിനിയോഗിക്കാൻ കഴിയാത്തത് പരാജയത്തിന് ഉദാഹരണമാണ്. ഉപ്പുവെള്ള പ്രതിരോധത്തിന് നടപടി എടുക്കും. തീരദേശ റോഡ് നിർമ്മാണത്തിന് മുൻഗണന നൽകും.
അഡ്വ. കുഞ്ഞായിസു (എൽ.ഡി.എഫ്)